ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും 6000ത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,155 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 31,194 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആർ 5.63 ശതമാനമായി ഉയർന്നു.
കേരളത്തിൽ 2 പേരടക്കം 11 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 733 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഡൽഹിയിൽ 20 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റീവ് നിരക്ക്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,954 ആയി.
അതേസമയം, കേരളം ഉൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഹിമാചൽ പ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദേശം. ഈ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഇന്നും നാളെയുമായി അവലോകന യോഗം ചേരും.
തയ്യാറെടുപ്പുകളും സാഹചര്യങ്ങളും അവലോകനം ചെയ്യാനുളള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശം അനുസരിച്ചാണ് യോഗം. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായുള്ള തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആശുപത്രികളിൽ മോക്ക് ഡ്രിൽ സംഘടിപ്പിക്കും.