ഫെറി സർവീസ്
ഫെറി സർവീസ്

നാലു പതിറ്റാണ്ടിനു ശേഷം ഇന്ത്യ-ലങ്ക ഫെറി സർവീസ് വീണ്ടും

"ചെറിയപാണി' എന്നു പേരിട്ട ഫെറിയുടെ ആദ്യ യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയും ചേർന്ന് ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു.
Published on

നാഗപട്ടണം: 1982നു ശേഷം ഇതാദ്യമായി ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ ഫെറി സർവീസ് ആരംഭിച്ചു. "ചെറിയപാണി' എന്നു പേരിട്ട ഫെറിയുടെ ആദ്യ യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയും ചേർന്ന് ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം തുറമുഖത്തിനും ശ്രീലങ്കയിലെ ജാഫ്‌ന കാങ്കേശൻതുറൈയ്ക്കും ഇടയിലാണ് ഈ ഫെറി സഞ്ചരിക്കുക. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ദിവസേന നടത്തുന്ന ഈ 60 നോട്ടിക്കൽ മൈൽ (110 കിലോമീറ്റർ) സർവീസിന് ഒരു വശത്തേക്ക് ഏകദേശം മൂന്നര മണിക്കൂറാണ് യാത്രാസമയം. ഒരാൾക്ക് 6,500 രൂപയും 18 ശതമാനം ജിഎസ്ടിയും അടക്കം 7,670 രൂപയാണു ടിക്കറ്റ് നിരക്ക്. ഉദ്ഘാടന ദിനമായ ഇന്നലെ 2,800 രൂപ മാത്രമേ ഈടാക്കിയുള്ളൂ. രാവിലെ 8.15ന് 50 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമായാണ് ആദ്യ യാത്ര പോയത്.

കണക്‌റ്റിവിറ്റി എന്നത് രണ്ട് നഗരങ്ങളെ അടുപ്പിക്കുക മാത്രമല്ല, അത് നമ്മുടെ രാജ്യങ്ങളെ കൂടുതൽ അടുപ്പിക്കുന്നു, നമ്മുടെ ജനങ്ങളെ കൂടുതൽ അടുപ്പിക്കുന്നു, നമ്മുടെ ഹൃദയങ്ങളെ കൂടുതൽ അടുപ്പിക്കുന്നു- മോദി പറഞ്ഞു. നാഗപട്ടണത്തിന്‍റെ സമുദ്ര വ്യാപാരത്തിന്‍റെ സമ്പന്നമായ ചരിത്രം അനുസ്മരിച്ച അദ്ദേഹം കവി സുബ്രഹ്മണ്യ ഭാരതിയുടെ ""സിന്ധു നദിയിൻ മിസൈ നിനൈവിനിലേ'' എന്ന പ്രശസ്തമായ ഗാനവും പരാമർശിച്ചു.

ഇന്ത്യ- ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് വിക്രമസിംഗെ തന്‍റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഓൺലൈനായി സംബന്ധിച്ചു. "അയൽപക്കത്തിന് ആദ്യം' എന്ന ഇന്ത്യയുടെ നയത്തിന്‍റെ ഭാഗമായാണ് ഈ ഫെറി സർവീസ് ആരംഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗപട്ടണം തുറമുഖത്തു നടന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഷിപ്പിങ്- ജലപാതാ മന്ത്രി സർബാനന്ദ സോനോവാൾ, തമിഴ്‌നാട് പൊതുമരാമത്ത് - ഹൈവേ മന്ത്രി ഇ.വി. വേലു എന്നിവർ പങ്കെടുത്തു.

തമിഴ്‌നാട് മാരിടൈം ബോർഡിന്‍റെ കീഴിലുള്ള നാഗപട്ടണം തുറമുഖം വിദേശകാര്യ മന്ത്രാലയം അനുവദിച്ച 8 കോടി രൂപ ഉപയോഗിച്ച് അടുത്തിടെ നവീകരിച്ചിരുന്നു. ലങ്കയിലെ കാങ്കേശൻതുറെ തുറമുഖവും ഇന്ത്യയുടെ ധനസഹായത്തോടെയാണു മികച്ച നിലവാരത്തിലേക്ക് എത്തിച്ചത്.