India successfully tests long-range hypersonic missile
ആകാശത്തിലെ ചീറ്റ; ഫണം വിടർത്തിയ മൂർഖൻ

ആകാശത്തിലെ ചീറ്റ; ഫണം വിടർത്തിയ മൂർഖൻ

ന്യൂഡൽഹി: ആകാശത്തിലെ ചീറ്റ... ആക്രമണത്തിൽ ഫണം വിടർത്തിയ മൂർഖൻ... നിലവിലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പേടിസ്വപ്നം... ഒഡീഷ തീരത്തെ പരീക്ഷണ വിജയത്തിലൂടെ ഇന്ത്യ ഞായറാഴ്ച സ്വന്തമാക്കിയ ഹൈപ്പർസോണിക് മിസൈലിനു പ്രതിരോധ വിദഗ്ധരുടെ ഭാഷയിൽ വിശേഷണങ്ങൾ ഏറെയാണ്. സ്ക്രാംജെറ്റ് പോലുള്ള അത്യാധുനിക പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഹൈപ്പർസോണിക് മിസൈൽ ഏതു ശത്രുവിനെതിരേയും അതിശക്തമായ തിരിച്ചടിക്ക് സഹായിക്കും.

1. തുടക്കം മുതൽ ഒടുക്കം വരെ ഒരേ വേഗം

ബ്ദത്തിന്‍റെ അഞ്ചു മടങ്ങ് വേഗത്തിൽ ആയുധങ്ങളുമായി സഞ്ചരിക്കാൻ ശേഷിയുള്ള മിസൈലുകളാണ് ഹൈപ്പർസോണിക് വിഭാഗത്തിലുള്ളത്. അഞ്ചു (മണിക്കൂറിൽ ഏകദേശം 6220 കിലോമീറ്റർ) മുതൽ 20 മടങ്ങ് (24,880) വരെയാണ് ഇവയുടെ വേഗപരിധി. കണ്ണടച്ചു തുറക്കും മുൻപേ എന്ന മട്ടിൽ വരുന്നതിനാൽ ഇവയെ കണ്ടെത്താനും തടയാനും എളുപ്പമല്ല.

ഹൈപ്പർ സോണിക് മിസൈലുകൾ രണ്ടു തരമുണ്ട്. ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾസും (എച്ച്ജിവി) ഹൈപ്പർസോണിക് ക്രൂസ് മിസൈലുകളും (എച്ച്സിഎം). എച്ച്ജിവികൾ ബാലിസ്റ്റിക് മിസൈലുകൾ പോലെ റോക്കറ്റ് ബൂസ്റ്ററുകൾ ഉപയോഗിച്ചാകും വിക്ഷേപിക്കുക. നിശ്ചിത ഉയരത്തിലെത്തുമ്പോൾ ബൂസ്റ്ററിൽ നിന്നു വേർപെട്ട് ഇവ സ്വയം ലക്ഷ്യത്തിലേക്കു നീങ്ങും. എതിരാളിയുണ്ടാക്കുന്ന തടസങ്ങളിൽ നിന്ന് ഒരു പരിധിവരെ ഒഴിഞ്ഞുമാറാനും ഇവയ്ക്കു കഴിയും.

സ്ക്രാംജെറ്റ് ഉപയോഗിക്കുന്ന ഹൈപ്പർ സോണിക് ക്രൂസ് മിസൈലുകൾ തുടക്കം മുതൽ ലക്ഷ്യത്തിലെത്തുന്നതുവരെ ഒരേ വേഗം കാത്തുസൂക്ഷിക്കുമെന്നതാണ് സവിശേഷത.

2. അപ്രവചനീയം

സാധാരണ മിസൈലുകളോട് പ്രതികരിക്കാൻ എതിരാളിയുടെ പ്രതിരോധ സംവിധാനത്തിനു ലഭിക്കുന്നത്ര സമയം ഹൈപ്പർ സോണിക്കുകൾ നൽകില്ല. പരിചയസമ്പന്നനായ ഒരു ബൗളറുടെ പന്തിന്‍റെ സ്വിങ് ഏറെക്കുറെ മുൻകൂട്ടി അറിയാമെന്നതുപോലെയാണു ബാലിസ്റ്റിക് മിസൈലുകളെങ്കിൽ അപ്രവചനീയതയാണ് ഹൈപ്പർസോണിക്കിന്‍റെ കരുത്ത്. താഴ്ന്നു പറക്കുന്നതിനാൽ നിരീക്ഷണസംവിധാനങ്ങളെ കബളിപ്പിക്കാൻ കൂടുതൽ ശേഷിയുണ്ട്. ശത്രുവിന്‍റെ പ്രതിരോധ കവചങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യും.

3. ചൈനയ്ക്ക് മുന്നറിയിപ്പ്

ദക്ഷിണേഷ്യയിലെ പ്രതിരോധ ബലാബലത്തിൽ ഇന്ത്യയുടെ വലിയ മുന്നേറ്റമാണ് ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം. പാക്കിസ്ഥാന്‍റെ ആണവകേന്ദ്രങ്ങളടക്കം ഈ മിസൈലിന്‍റെ പരിധിയിലാണ്. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന പ്രതിരോധ നയം പിന്തുടരുന്ന രാജ്യത്തിന് അതിശക്തമായ തിരിച്ചടി നൽകാൻ ഹൈപ്പർസോണിക് മിസൈൽ സഹായിക്കും. ഹൈപ്പർസോണിക് സാങ്കേതിക വിദ്യ സ്വന്തമെന്നതിന്‍റെ ആത്മവിശ്വാസമുണ്ടായിരുന്നു അതിർത്തിയിൽ പേശീബലം കാണിക്കുന്ന ചൈനയ്ക്ക്. എന്നാൽ, ഈ "ബ്രഹ്മാസ്ത്രം' ഞങ്ങളുടെയും ആവനാഴിയിലുണ്ട് എന്ന പ്രഖ്യാപനമായി ഇന്ത്യയുടെ പരീക്ഷണം. ചൈനയുമായുള്ള ശാക്തിക സന്തുലനത്തിൽ ഇത് ഇന്ത്യൻ സേനയ്ക്ക് വലിയ കരുത്തു നൽകും.

4. എൻജിനീയറിങ്ങിലെ നിർണായക നേട്ടം

കാർഗിൽ യുദ്ധകാലം വരെ വിദേശത്തു നിന്നുള്ള ഇറക്കുമതിയെയായിരുന്നു ഇന്ത്യയുടെ പ്രതിരോധ രംഗം ആശ്രയിച്ചിരുന്നത്. ഇതിനുശേഷം സ്വന്തം സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇന്ത്യൻ പ്രതിരോധ എൻജിനീയറിങ് ഏറ്റവും അവസാനം കൈവരിച്ച നേട്ടമാണ് ഹൈപ്പർസോണിക് മിസൈൽ. എതിരാളി ചിന്തിക്കുന്നതിനെക്കാൾ വേഗത്തിൽ തിരിച്ചടിയെത്തുമെന്നതാണ് ഈ സാങ്കേതിക വിദ്യ നൽകുന്ന മേൽക്കൈ. ഒരേ സ്ഥലത്തു നിന്ന് ബഹുമുഖ ആക്രമണം നടത്താനും കഴിയും.

5. മിറാഷിലും സുഖോയിയിലും ഘടിപ്പിക്കാം

വ്യോമസേനയുടെ മിറാഷ് 2000, സുഖോയ് 30 എംകെഐ വിമാനങ്ങളിൽ ഇവ ഘടിപ്പിക്കാനാകുമെന്നു പ്രതിരോധ വൃത്തങ്ങൾ. നാവികസേനയുടെ വിമാനവാഹിനികളിലടക്കം ഇവ സ്ഥാപിച്ചാൽ ഇന്ത്യൻ സമുദ്രമേഖലയ്ക്ക് അതിശക്തമായ പ്രതിരോധ കവചമാകും യാഥാർഥ്യമാകുന്നത്.

Trending

No stories found.

Latest News

No stories found.