'പൗരത്വം തെളിയിക്കേണ്ടി വരില്ല'; സിഎഎ യിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നിയമത്തിൽ മുസ്‌ലിംകൾക്ക് ആശങ്ക വേണ്ടെന്നു കേന്ദ്രം വ്യക്തമാക്കി
Amit Shah
Amit Shahfile
Updated on

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമ (സിഎഎ)ത്തിനെതിരേ രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെയും മുസ്‌ലിം സംഘടനകളുടെയും നേതൃത്വത്തിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര സർക്കാർ. നിയമത്തിൽ മുസ്‌ലിംകൾക്ക് ആശങ്ക വേണ്ടെന്നു കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ മുസ്‌ലിംകൾക്ക് തുല്യാവകാശമുണ്ടെന്നും പുതിയ നിയമത്തിന്‍റെ പേരിൽ രാജ്യത്തെ ഒരു പൗരനും പൗരത്വം തെളിയിക്കേണ്ടിവരില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് ഇന്ത്യയിലെത്തിയ മുസ്‌ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കാൻ വേണ്ടി മാത്രമാണ് സിഎഎ. ഇസ്‌ലാം സമാധാനത്തിന്‍റെ മതമാണെങ്കിലും ഈ മൂന്നു മുസ്‌ലിം രാജ്യങ്ങളിലും ന്യൂനപക്ഷങ്ങൾക്കു നേരേയുണ്ടായ മതപീഡനം മൂലം ലോകമൊട്ടാകെ ഇസ്‌ലാമിന്‍റെ പേരിനു കളങ്കമുണ്ടായി. മതപീഡനത്തിന്‍റെ പേരിൽ കളങ്കപ്പെടുന്നതിൽ നിന്ന് ഇസ്‌ലാമിനെ സംരക്ഷിക്കുന്ന നിയമമാണിത്. മതപീഡനം മൂലം മൂന്നു രാജ്യങ്ങളിൽ നിന്നെത്തിയ അമുസ്‌ലിംകൾക്ക് പൗരത്വം ലഭിക്കാൻ 11 വർഷം വേണമെന്ന വ്യവസ്ഥ അഞ്ചു വർഷമാക്കി കുറയ്ക്കുക മാത്രമാണുണ്ടായതെന്നും കേന്ദ്രം വിശദീകരിച്ചു.

അഭയാർഥികളെ തിരികെക്കൊണ്ടുവരാൻ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളുമായി ഒരു കരാറുമില്ല. അത്തരം കരാറുകളുടെ പേരിലല്ല ഈ നിയമം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ളതുമല്ല സിഎഎ. അതുകൊണ്ടുതന്നെ സിഎഎ മുസ്‌ലിംകൾക്കെതിരാണെന്ന സമുദായത്തിന്‍റെയും വിദ്യാർഥികളുടെയും ആശങ്കയ്ക്ക് അടിസ്ഥാനമില്ല.

ലോകത്തെവിടെയുമുള്ള മുസ്‌ലിംകൾക്ക് പൗരത്വ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകാം. സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിംകൾക്ക് ലഭിക്കുന്ന ഒരു അവകാശവും ഇല്ലാതാക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

പുറത്തുനിന്നുള്ളവർക്കു പ്രത്യേക അനുമതി ആവശ്യമുള്ള (ഇന്നർലൈൻ പെർമിറ്റ്) അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം, മണിപ്പുർ സംസ്ഥാനങ്ങളിൽ സിഎഎ നടപ്പാക്കില്ലെന്നു സർക്കാർ വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു.

അതേസമയം, രാജ്യത്ത് സിഎഎയ്ക്കെതിരേ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭമാണു തുടരുന്നത്. നിയമം ഭരണഘടനാവിരുദ്ധമെന്നു വാദിച്ച് മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. നിയമം നടപ്പാക്കില്ലെന്നു കേരളത്തിനും പശ്ചിമ ബംഗാളിനും പുറമേ തമിഴ്നാടും പ്രഖ്യാപിച്ചു. സിലിഗുരിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി റോഡ് ഷോ നയിച്ച് പ്രതിഷേധിച്ചു. പൗരത്വത്തിനു മതം അടിസ്ഥാനമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ പറഞ്ഞു. അസമിൽ ഇന്നലെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഹർത്താൽ ആചരിച്ചു. പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലും പ്രതിഷേധം അരങ്ങേറി.

സിഎഎയ്ക്കെതിരായ സമരത്തിന്‍റെ കേന്ദ്രമായിരുന്ന ഡൽഹി ഷഹീൻബാഗിൽ വൻ പൊലീസ് കാവൽ ഏർപ്പെടുത്തി. ഇന്ത്യൻ മുസ്‌ലിംകളെ നിയമം ബാധിക്കില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് അധ്യക്ഷൻ മൗലാന ഷഹാബുദ്ദീൻ റിസ്‌വി ബറേൽവി പറഞ്ഞു. സിഎഎയ്ക്കൊപ്പം എൻആർസി കൂടി പൂർത്തിയാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ആവശ്യപ്പെട്ടു. എൻആർസിയിൽ രജിസ്റ്റർ ചെയ്യാത്ത ഒരാൾക്കെങ്കിലും പൗരത്വം ലഭിച്ചാൽ താൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും ശർമ. സുരക്ഷിതമായ ഭാവിയാണ് ഇന്ത്യ തങ്ങൾക്ക് ഉറപ്പുവരുത്തിയതെന്നു ഡൽഹിയിലെ പാക്കിസ്ഥാനി ഹിന്ദു അഭയാർഥികൾ പ്രതികരിച്ചു

Trending

No stories found.

Latest News

No stories found.