ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറേനിയൻ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കൊച്ചിയിൽ നിന്ന് 700 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.
കപ്പലിൽ നിന്നുള്ള അപായസന്ദേശം ലഭിച്ചയുടൻ സൊമാലിയൻ തീരത്തും ഏദൻ ഉൾക്കടലിലുമായി പട്രോളിങ് നടത്തുന്ന ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്ര കുതിച്ചെത്തി. തുടർന്ന് മുന്നറിയിപ്പു നൽകിയതോടെ കടൽക്കൊള്ളക്കാർ പിൻവാങ്ങി.
യുദ്ധക്കപ്പലിലെ ധ്രുവ് ഹെലികോപ്റ്ററുകളും ദൗത്യത്തിൽ പങ്കെടുത്തു. കപ്പലിലെ 17 ജീവനക്കാരും സുരക്ഷിതരെന്നു നാവികസേന അറിയിച്ചു.
കപ്പൽ പൂർണമായി പരിശോധിച്ചെന്നു നാവികസേനാ വക്താവ് കമാൻഡർ വിവേക് മധ്വാൽ.
രണ്ട് ദിവസം മുൻപ് ഏദൻ കടലിടുക്കിൽ ഹൂതി വിമതർ നടത്തിയ മിസൈലാക്രമണത്തിൽ ബ്രിട്ടിഷ് എണ്ണക്കപ്പലിനെ രക്ഷിക്കാനും ഇന്ത്യൻ നാവികസേനയെത്തിയിരുന്നു. ഐഎൻഎസ് വിശാഖപട്ടണമാണ് എംവി മർലിൻ ലുവാൻഡ എന്ന ബ്രിട്ടിഷ് കപ്പലിനു സംരക്ഷണമൊരുക്കിയത്. ഇന്ത്യൻ സമുദ്രത്തിൽ സുരക്ഷയൊരുക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ രാജ്യാന്തര സമുദ്രയാന ഏജൻസികൾ പ്രശംസിച്ചിരുന്നു.