വാഷിങ്ടൺ: അമെരിക്കയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. തെലങ്കാന ഉപ്പൽ സ്വദേശി ആര്യൻ റെഡ്ഡി (23) യാണ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയാണ് ആര്യൻ. മൃതദേഹം വെള്ളിയാഴ്ച രാത്രി തെലങ്കാനയിലെത്തുമെന്നാണ് അധികൃതർ അറിയിച്ചത്.
ആര്യന് അമെരിക്കയിൽ വേട്ടയാടാനുള്ള തോക്ക് ലൈസൻസ് നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പിറന്നാൾ ദിനത്തിൽ തോക്ക് ഉപയോഗിക്കുന്നതിനിടെ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് ആര്യൻ മരിക്കുകയായിരുന്നു. ആര്യന് തോക്ക് ലൈസൻസ് ഉള്ള കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും വിദേശത്ത് പഠിക്കുന്ന കുട്ടികൾ തോക്ക് ലൈസൻസ് നേടുന്ന കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആര്യന്റെ പിതാവ് സുദർശൻ റെഡ്ഡി പ്രതികരിച്ചു.