ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്രം ജി20 ഉച്ചകോടിയിൽ
പ്രമാണികവും ചെലവു കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ മേഖലയിൽ ആയുർവേദവും യോഗയും പ്രകടമാക്കുന്ന ഫലപ്രാപ്തി കാരണം, പരമ്പരാഗത വിജ്ഞാനത്തിന്റെ നൈരന്തര്യമുളള ഖനിയായി ഇന്ന് ലോകം ഇന്ത്യയെ അംഗീകരിക്കുന്നു. ഇന്ത്യയുടെ ജി20 അധ്യക്ഷത ഈ ഫലപ്രാപ്തി ലോക നേതാക്കൾക്കും ആരോഗ്യപരിപാലന വിദഗ്ധർക്കും മുന്നിൽ തെളിമയോടെ പ്രദർശിപ്പിക്കാനുള്ള സുവർണാവസരമാണ് തുറന്നു നൽകിയത്. സുസ്ഥിര വികസന ലക്ഷ്യം-3 വിഭാവനം ചെയ്യുന്ന "ആരോഗ്യവും ക്ഷേമവും' എന്ന ആശയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, മാനവികതയും പരിസ്ഥിതിയും നേരിടുന്ന വർധിത വെല്ലുവിളികൾക്കെതിരെ ഇന്ത്യയുടെ പരമ്പരാഗത ആരോഗ്യ സംരക്ഷണ ശാസ്ത്രങ്ങൾ എങ്ങനെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് ആഗോള സമൂഹവുമായി സംവദിക്കുന്നതിനുള്ള പ്രസക്തമായ ചർച്ചകളിൽ ആയുഷ് മന്ത്രാലയം സജീവമായി പങ്കെടുത്തു.
കൊവിഡിനു ശേഷം ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലയിൽ ആഗോള സമൂഹത്തിന്റെ വീക്ഷണങ്ങളിൽ ഗണ്യമായ പരിവർത്തനം സംഭവിക്കുകയും അത് സമഗ്രമായ ആരോഗ്യവും ക്ഷേമവും എന്നതിലേക്ക് പരിവർത്തനപ്പെടുകയും ചെയ്തുവെന്നത് സുവ്യക്തമാണ്. ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതും സുഗമമായതുമായ ആരോഗ്യ സേവനങ്ങൾ തുല്യമായി ലഭ്യമാക്കുക എന്നതാണ് മാനവരാശിയുടെ സമകാലിക ആവശ്യം. കഴിഞ്ഞ 9 വർഷത്തിനിടെ ആയുഷ് മന്ത്രാലയത്തിന്റെ വിവിധ സംരംഭങ്ങൾ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിൽ ആധുനിക സാങ്കേതിക ഉപകരണങ്ങളും ആധുനിക രീതികളും സന്നിവേശിപ്പിച്ചു. ഇത് ആയുഷ് മേഖലയുടെ, പ്രാമാണികത അടിസ്ഥാനമാക്കിയുള്ള സമഗ്ര വളർച്ചയ്ക്ക് കാരണമായി.
ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി20 ഉച്ചകോടിയുടെ മൂന്നാം കാലാംശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് "Accessible, Affordable, Appropriate, Accountable, Adaptable' എന്നീ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന 5 A's സങ്കല്പം മുന്നോട്ടുവച്ചു. ഇന്ത്യയുടെ ജി20 അധ്യക്ഷതയ്ക്ക് കീഴിലുള്ള വിപുലമായ ചർച്ചകളിലൂടെയും പരിപാടികളിലുകളിലൂടെയും സെമിനാറുകളിലൂടെയും ഈ മേഖലകളിൽ ആയുഷ് മന്ത്രാലയം നിരന്തര സംഭാവനകൾ നൽകി വരുന്നതായി കാണാം.
(എ) ഗവേഷണ- വികസനത്തിനായി ജി20 രാജ്യങ്ങൾക്കിടയിലെ യോജിച്ചുള്ള പ്രവർത്തനവും സഹകരണവും പ്രോത്സാഹിപ്പിക്കുകയും പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള നിയന്ത്രണ മാർഗനിർദേശങ്ങൾ വ്യവസ്ഥാപിതമാക്കുകയും ചെയ്യുക.
(ബി) അറിവ് പങ്കിടൽ, ശേഷി വർധിപ്പിക്കൽ, മികച്ച സമ്പ്രദായങ്ങൾ സ്വീകരിക്കൽ എന്നിവയ്ക്കായി വ്യാവസായിക പങ്കാളികളെ ഉൾപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിൽ ആയുഷ് മന്ത്രാലയത്തിന് വ്യക്തമായ പങ്കുണ്ട്. സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും സാധ്യതയുള്ള മേഖലകൾ തിരിച്ചറിയുന്നതിനായി മന്ത്രാലയം വിവിധ ജി20 കൂട്ടായ്മകളുമായും കർമ സമിതികളുമായും ചേർന്ന് പ്രവർത്തിച്ചു.
പ്രധാനപ്പെട്ട ആഗോള ആരോഗ്യ പ്രശ്നങ്ങളിന്മേൽ ചർച്ചകൾ ഊർജിതമാക്കുന്നതിനും ജി20 നേതാക്കളെ ധരിപ്പിക്കുന്നതിനുമാണ് ജി20യ്ക്കു കീഴിൽ ആരോഗ്യ കർമ സമിതി സ്ഥാപിതമായത്. ഒപ്പം ഇന്നത്തെയും ഭാവിയിലെയും തലമുറകൾക്ക് സമദര്ശിയായ ആരോഗ്യം ഉറപ്പാക്കുന്നതിനും സമിതി പ്രവർത്തിക്കുന്നു. ഇന്ത്യയുടെ അധ്യക്ഷ കാലയളവിലെ ആരോഗ്യ കർമ സമിതിയുടെ എല്ലാ പരിപാടികളിലും ആയുഷ് മന്ത്രാലയം സജീവമായി പങ്കെടുത്തു. ഓഗസ്റ്റ് 17, 18 തീയതികളിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയോടെയാണ് പരിപാടികൾക്ക് സമാപനമായത്. പങ്കാളിത്തം, ആശയ വിനിമയം, അനുഭവങ്ങളുടെ പങ്കുവയ്ക്കൽ എന്നിവയുടെ കാര്യത്തിൽ ഉച്ചകോടി വൻ വിജയമായിരുന്നു; ഗുജറാത്തിലെ ജാംനഗറിലുള്ള WHO ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിനും WHO TM സ്ട്രാറ്റജി 2025- 35 ഡോക്യുമെന്റിനും വേണ്ടിയുള്ള ഭാവി തന്ത്രങ്ങൾ രൂപപ്പെടുത്താനായിട്ടുണ്ട്.
പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിൽ ഇന്ത്യാ ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങളെ വീണ്ടും സ്ഥിരീകരിച്ചു കൊണ്ട്, ഇന്ത്യയുടെ അനിഷേധ്യമായ സംഭാവനകളെ ഈ ആഗോള ഉച്ചകോടിയിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്റ്റർ ജനറൽ ഡോ. ടെഡ്രോസ് അഭിനന്ദിച്ചു. പ്രസ്തുത ആഗോള ഉച്ചകോടിയുടെ ഫലരേഖ ഗുജറാത്ത് പ്രഖ്യാപനമായി ലോകാരോഗ്യ സംഘടന ഉടൻ പ്രഖ്യാപിക്കുമെന്നത് ശ്രദ്ധേയമാണ്.
ജൂലൈ മാസത്തിൽ ഡൽഹിയിൽ ജി20 ഷെർപ്പ അമിതാഭ് കാന്തിന്റെ അധ്യക്ഷതയിൽ ആയുഷ് മന്ത്രാലയം ഒരു വിലയിരുത്തൽ പ്രക്രിയ നടത്തിയിരുന്നു. ജി 20 മുഖാന്തിരം ആഗോള തലത്തിൽ ആയുഷ് വൈദ്യശാസ്ത്ര സംവിധാനങ്ങൾ മെച്ചപ്പടുത്തുന്നതിനുള്ള ആയുഷ് മന്ത്രാലയത്തിന്റെ ശ്രമങ്ങളിൽ യോഗം ശ്രദ്ധയൂന്നി. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിനിൽ (GCTM), നൂതന സാങ്കേതികവിദ്യകളുടെയും നൂതന സമീപനങ്ങളുടെയും സന്നിവേശം നിർദ്ദേശിക്കുമ്പോൾ, പരമ്പരാഗത ചികിത്സാരീതികളെ എങ്ങനെ നവീകരിക്കാമെന്നും അവയുടെ ഫലപ്രാപ്തി എങ്ങനെ വർധിപ്പിക്കാമെന്നും അമിതാഭ് കാന്ത് വിശദീകരിച്ചു. ജി20 കൂട്ടായ്മകളിലുടനീളം പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങൾ സമന്വയിപ്പിക്കുന്നതിന് പങ്കാളികൾക്കിടയിലെ സഹകരണത്തിന്റെ ആവശ്യകത അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി.
ജി20 യ്ക്ക് കീഴിലുള്ള വിവിധ കൂട്ടായ്മകളിലും, കർമ സമിതി യോഗങ്ങളിലും ആയുഷ് മന്ത്രാലയത്തിന്റെ ശ്രമങ്ങൾ തീർച്ചയായും സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ലവ് അഗർവാളിന്റെ പരാമർശങ്ങളിൽ ഇന്ത്യയുടെ ജി20 അധ്യക്ഷ കാലയളവിൽ വരാനിരിക്കുന്ന ആരോഗ്യ പ്രഖ്യാപനത്തിൽ പരമ്പരാഗത വൈദ്യശാസ്ത്രം ഉൾപ്പെടുത്തുമെന്നത് വ്യക്തമാണ്. ആധുനിക ആരോഗ്യ സംരക്ഷണത്തിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗത ചികിത്സാ രീതികളുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനും ബന്ധപ്പെട്ട വിദഗ്ധർക്കും പങ്കാളികൾക്കും ശക്തമായ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനായി പരമ്പരാഗത വൈദ്യശാസ്ത്രത്തിനുള്ള ഒരു സമർപ്പിത ഫോറം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു. അതേ യോഗത്തിൽ, ബ്രസീലിന്റെ അടുത്ത ജി20 അധ്യക്ഷയ്ക്കു കീഴിൽ മുന്നോട്ട് കൊണ്ടു പോകേണ്ട ഭാവി ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പ് 20 അജൻഡയുടെ പട്ടികയിൽ ആയുഷ് മെഡിസിൻ സമ്പ്രദായം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റാർട്ടപ്പ് 20 ഇന്ത്യ ചെയർ ചിന്തൻ വൈഷ്ണവ് പരാമർശിച്ചു.
അത്യാധുനിക ആശുപത്രികളും ഉയർന്ന വൈദഗ്ധ്യമുള്ള ഡോക്റ്റർമാരും ഉള്ളതിനാൽ, ഇന്ത്യ ആരോഗ്യ വിനോദ സഞ്ചാരത്തിന്റെ പ്രശസ്തമായ ലക്ഷ്യസ്ഥാനമായി ഉയർന്നു. രാജ്യത്ത് ആരോഗ്യ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് നടന്ന ആദ്യ ആരോഗ്യ കർമ സമിതി "വൈദ്യശാസ്ത്ര സംബന്ധിയായ യാത്ര' എന്ന വിഷയത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഇന്ത്യയിലെ ആരോഗ്യ വിനോദ സഞ്ചാര വ്യവസായ മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനുള്ള ഉത്പാദനപരവും ഉൾക്കാഴ്ചയുള്ളതുമായ ഫോറമായിരുന്നു ഇത്. പരമ്പരാഗത വൈദ്യശാസ്ത്ര സംവിധാനങ്ങളെ കൂടുതൽ ഉൾക്കൊള്ളുന്ന സംയോജിത ആരോഗ്യ സംരക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്ര സംബന്ധിയായ യാത്ര മുഖാന്തിരം ലോകത്തെ ബന്ധിപ്പിക്കുന്നത് നിലവിലുള്ള ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിലെ അസമത്വങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുമെന്ന് ഒട്ടേറെ പങ്കാളികൾ നിരീക്ഷിച്ചു.
സമീപ വർഷങ്ങളിൽ ആയുഷ് വ്യവസായം കാര്യമായ പരിവർത്തനങ്ങളിലൂടെ കടന്നുപോയി എന്നത് ശ്രദ്ധേയമാണ്. മാർക്കറ്റ് റിസർച്ച് റിപ്പോർട്ടുകൾ പ്രകാരം, വിപണി പ്രതിവർഷം 17 ശതമാനത്തിലധികം വളർച്ച നേടി, 23.3 ബില്യൺ യുഎസ് ഡോളറിൽ കൂടുതൽ എത്തിയതായി കണക്കാക്കപ്പെടുന്നു. ഈ കണക്കുകൾ ഏത് വ്യവസായ മാനദണ്ഡങ്ങൾ വച്ച് പരിശോധിച്ചാലും വളരെക്കൂടുതലാണ്. വർധിതമായ അവബോധം, ശാസ്ത്രീയ സാധൂകരണം, സർക്കാർ പിന്തുണ, ആഗോള വ്യാപനം, ജീവിതശൈലി പ്രവണതകൾ, ആയുഷ് സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത സമീപനം എന്നിവയാണ് ആയുഷിന്റെ വർധിച്ചുവരുന്ന ജനപ്രീതിയ്ക്കും സ്വീകാര്യതയ്ക്കും കാരണം. ആയുഷ് സമ്പ്രദായങ്ങളുടെ പ്രയോജനങ്ങൾ കൂടുതൽ ആളുകൾക്ക് അനുഭവേദ്യമാകുമെന്നതിനാൽ, മുഖ്യധാരാ ആരോഗ്യപരിരക്ഷയിലേക്കുള്ള അതിന്റെ സ്വീകാര്യതയും സംയോജനവും വർധിക്കാൻ സാധ്യതയുണ്ട്.
ഒരു തരത്തിൽ, ഇത് ആയുഷ് മേഖലയിലെ വൻ വളർച്ചാ അവസരങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. എന്നാൽ ഈ ബഹുഗുണീകൃതമായ വളർച്ചയിൽ വെല്ലുവിളികളും നേരിടുന്നുണ്ട്. സുരക്ഷ, കാര്യക്ഷമത, സുതാര്യത, വിശ്വാസം, ധാർമിക സമ്പ്രദായങ്ങൾ എന്നീ മേഖലകളിൽ ഈ വെല്ലുവിളികൾ കാണാൻ കഴിയും.
വർധിച്ചുവരുന്ന ജനപ്രീതിക്കിടയിലും, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ പൊതുജനങ്ങൾക്കിടയിൽ വിശ്വാസ രാഹിത്യം സൃഷ്ടിച്ച സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. പരസ്യത്തിന്റെയും ഉപഭോക്തൃ സംരക്ഷണത്തിന്റെയും പശ്ചാത്തലത്തിൽ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പരിഹരിക്കാൻ ഇന്ത്യാ ഗവൺമെന്റ് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. 2014ൽ ആയുഷ് മന്ത്രാലയം സ്ഥാപിതമായതു മുതൽ അതിന്റെ പ്രവർത്തനങ്ങളിൽ സുരക്ഷിതത്വവും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ആയുഷ് മേഖലയിൽ വിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രയാണവും ആരംഭിച്ചിട്ടുണ്ട്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ശക്തമായ സംവിധാനമായി വികസിപ്പിച്ചെടുത്ത ഫാർമക്കോ വിജിലൻസ് പ്രോഗ്രാം ശക്തിപ്പെടുത്തിക്കൊണ്ട് സമീപ വർഷങ്ങളിൽ മന്ത്രാലയം നടപടികൾ സ്വീകരിച്ചു. ഇതോടൊപ്പം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങളും നിയന്ത്രണങ്ങളും അത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യാൻ ഫലപ്രദമാണ്.
ശക്തമായ ഫാർമക്കോ വിജിലൻസ് പ്രോഗ്രാമുകൾ നടപ്പിലാക്കുക എന്നതാണ് ഏറ്റെടുത്തിരിക്കുന്ന പ്രധാന സംരംഭങ്ങളിലൊന്ന്. ആയുഷ് മരുന്നുകളുടെ സുരക്ഷ നിരീക്ഷിക്കുന്നതിനും പ്രതികൂല സംഭവങ്ങളെക്കുറിച്ചോ പാർശ്വഫലങ്ങളെക്കുറിച്ചോ ഉള്ള ഡാറ്റ ശേഖരിക്കുന്നതിനുമാണ് ഈ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പ്രോഗ്രാം പ്രതികൂല സംഭവങ്ങളുടെ റിപ്പോർട്ടുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുന്നു. ആയുഷ് മരുന്നുകളുടെ സുരക്ഷാ പ്രൊഫൈൽ തുടർച്ചയായി നിരീക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകായും ചെയ്യുന്നു.
സ്ഥാപിതമായ മാർഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. നിർമാതാക്കൾ, ഇറക്കുമതിക്കാർ, വിതരണക്കാർ എന്നിവർക്കുള്ള ലൈസൻസ് നടപടിക്രമങ്ങളും സർട്ടിഫിക്കേഷൻ പ്രക്രിയകളും ഉൾപ്പെടെ ആയുഷ് മരുന്നുകൾക്കായി ഒരു നിയന്ത്രണ ചട്ടക്കൂട് നടപ്പിലാക്കിയിട്ടുണ്ട്. ആയുഷ് മേഖലയിൽ ഗവേഷണവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആയുഷ് ചികിത്സകളുടെ ഫലപ്രാപ്തിയും സുരക്ഷിതത്വവും സാധൂകരിക്കുന്നതിന് കർശനമായ ശാസ്ത്രീയ പഠനങ്ങളെയും ക്ലിനിക്കൽ പരീക്ഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.
ദേശീയ, അന്തർദേശീയ തലങ്ങളിൽ, വിവരങ്ങൾ കൈമാറുന്നതിനും മികച്ച സമ്പ്രദായങ്ങൾ പങ്കിടുന്നതിനും ആയുഷ് മരുന്നുകളുടെ നിയന്ത്രണ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും മന്ത്രാലയം റെഗുലേറ്ററി അഥോറിറ്റികളുമായി സഹകരിച്ചു വരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ സുസ്ഥിരവും ആഗോള സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുന്നതുമാണെന്ന് ഉറപ്പാക്കാൻ ഈ സഹകരണം സഹായിക്കുന്നു. അടുത്തിടെ ഗാന്ധി നഗറിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയിൽ, ഈ വിഷയത്തിൽ ചൂടേറിയ ചർച്ചകൾ നടന്നു. ഇത് ഈ മേഖലയിൽ, പങ്കെടുത്ത രാജ്യങ്ങൾക്കിടയിൽ സമന്വയം വർധിപ്പിക്കുന്നതിന് കാരണമായി.
ചുരുക്കത്തിൽ, കഴിഞ്ഞ രണ്ട് മാസങ്ങളിലെ ജി20 കൂട്ടായ്മകൾ വിവിധ ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ പ്രാമാണികത അടിസ്ഥാനമാക്കിയുള്ള ഫലപ്രാപ്തി പ്രദർശിപ്പിക്കാനും പങ്കിടാനും മികച്ച അവസരം നൽകി. സാർവത്രിക ആരോഗ്യ പരിരക്ഷ എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനും മാനവരാശിയെ സേവിക്കുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്ര സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. രാജ്യത്തും ലോകമെമ്പാടുമുള്ള പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ ബന്ധപ്പെട്ട പങ്കാളികളിൽ ഇത് പ്രതീക്ഷയും വിശ്വാസവും ശക്തിപ്പെടുത്തുന്നു.