ന്യൂഡൽഹി: മദ്യ വ്യവസായവുമായി ബന്ധപ്പെട്ട് ഇന്നലെ മുതല്‍ 3 സംസ്ഥാനങ്ങളില്‍ നടത്തിയ റെയിഡുകളില്‍ ഇതുവരെ കണ്ടെത്തിയത് 290 കോടി രൂപയെന്ന് ആദായ നികുതി വകുപ്പിന്‍റെ റിപ്പോർട്ട്. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഡിസ്റ്റിലറികളുടെ ഓഫീസുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും തുക കണ്ടെത്തിയത്.
വിവിധയിടങ്ങളിലായി നടത്തിയ പരിശോധനകളില്‍ അലമാരകളിലും മറ്റ് ഫര്‍ണിച്ചറുകളിലും അടുക്കിവച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. ഇനിയും 3 സ്ഥലങ്ങളിലായി 7 മുറികളും 9 ലോക്കറുകളും പരിശോധിക്കാനുണ്ട്. കൂടുതൽ പണവും ആഭരണങ്ങളും കണ്ടെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം റെയ്ഡ് ഇന്നും തുടരുകയാണ്. ബൗദ് ഡിസ്റ്റിലറിയിലും അവരുമായി ബന്ധപ്പെട്ട ഓഫീസുകളിലുമാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍, ഇന്‍കം ടാക്സ് പിടിച്ചെടുത്ത ഷെല്‍ഫുകളിലും ബാഗുകളിലും അടുക്കി വച്ച നിലയിലുള്ള കോടിക്കണക്കിന് രൂപയുടെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.