ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ ഫെഡറേഷന്‍റെ നടത്തിപ്പിനായി 3 അംഗ അഡ് ഹോക് കമ്മിറ്റിയെ നിയമിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ( ഐഒസി). വുഹു അസോസിയേഷൻ ഒഫ് ഇന്ത്യ പ്രസിഡന്‍റ് ഭൂപീന്തർ സിങ് ബജ്വ പാനലിന്‍റെ ചെയർമാനാകും. ഹോക്കി ഒളിമ്പ്യൻ എം.എം സോമയ, മുൻ അന്താരാഷ്ട്ര ഷട്ടിൽ താരം മഞ്ജുഷ കൻവാർ എന്നിവരാണ് സമിതിയിലുള്ളത്.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനിടെയാണ് കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിച്ചത്. ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ അനുയായി സഞ്ജയ് സിങ് പ്രസിഡന്‍റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ താരങ്ങൾ പ്രതിഷേധം ശക്തമാക്കിയിരുന്നു.
അധികാരമേറ്റതിനു പിന്നാലെ സഞ്ജയ് സിങ് ദേശീയ മത്സരങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കേന്ദ്രം ഭരണസമിതിയെ സസ്പെൻഡ് ചെയ്തത്.