ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ എട്ടു മുതലാണു വോട്ടെണ്ണൽ. ഹരിയാനയിൽ കേവലഭൂരിപക്ഷവും ജമ്മു കശ്മീരിൽ മേൽക്കൈയും പ്രവചിച്ച എക്സിറ്റ് പോളുകൾ നൽകിയ ആവേശത്തിലാണ് "ഇന്ത്യ' മുന്നണിയും കോൺഗ്രസും.
ഹരിയാനയിൽ 10 വർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണു പ്രവചനം. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിന് മേൽക്കൈ ലഭിക്കുമെന്നും പിഡിപി പിന്തുണച്ചാൽ സർക്കാർ രൂപീകരിക്കാനാകുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.
പ്രവചനങ്ങൾ പിഴയ്ക്കുമെന്നും ഹരിയാനയിൽ അധികാരം നിലനിർത്തുമെന്നുമാണു ബിജെപിയുടെ പ്രതികരണം. ജമ്മു കശ്മീരിൽ സ്വതന്ത്രരെ കൂട്ടി സർക്കാരുണ്ടാക്കാനാകുമെന്നും ബിജെപി നേതൃത്വത്തിന്‍റെ പ്രതീക്ഷ. മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുകളാണിത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കിയശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുമാണിത്.