ബെംഗളൂരു: ലോക്സഭാ ഒരുക്കങ്ങൾ പുരോഗമിക്കവെ എൻഡിഎക്ക് തിരിച്ചടി. തെലുഗു സൂപ്പർതാരവും ജനസേനാ പാർട്ടി പ്രസിഡന്‍റുമായ പവൻ കല്യാൺ എൻ ഡിഎ വിട്ടു. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിക്ക് തെരഞ്ഞെടുപ്പിൽ പവൻ കല്യാൺ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ടിഡിപി എന്‍ഡിഎ സഖ്യത്തിന് പുറത്താണ്.
ടിഡിപിയുമായി സഖ്യം ചേര്‍ന്നതിനാല്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുകയാണെന്ന് പവന്‍ കല്യാണ്‍ വ്യക്തമാക്കി. ''ടിഡിപി - ജനസേനാ സഖ്യം അടുത്ത ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരും. രാഷ്ട്രീയഗൂഢാലോചന നടത്തി എതിർപാർട്ടി നേതാക്കളെ ജയിലിലാക്കുന്ന ജഗൻമോഹൻ സർക്കാരിന്‍റെ അന്ത്യമടുത്തു, പവൻ കല്യാൺ പറഞ്ഞു.
ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ മാസം ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതിഷേധവുമായി പവൻ കല്യാൺ രംഗത്തെത്തിയിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് വിജയവാഡയിലേക്ക് റോഡ് മാർഗം എത്താൻ ശ്രമിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാണിന്‍റെ വാഹനവ്യൂഹം ആന്ധ്രാ പൊലീസ് തടഞ്ഞിരുന്നു. ആന്ധ്ര - തെലങ്കാന അതിർത്തിയായ ഗാരികപടുവിൽ വച്ചാണ് പവൻ കല്യാണിന്‍റെ വാഹനവ്യൂഹം തടഞ്ഞത്. വാഹനം തടഞ്ഞതോടെ പവൻ കല്യാൺ ഇറങ്ങി നടന്നെങ്കിലും പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ നിലത്ത് കിടന്ന് പ്രതിഷേധിച്ച പവന്‍ കല്യാണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.