ബംഗളൂരു: കോൺഗ്രസ് സമഗ്രാധിപത്യം നേടിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തൂക്കുസഭ വരുമെന്നും "കിങ് മേക്കർ' പദവി ലഭിക്കുമെന്നും പ്രതീക്ഷിച്ച ജനതാദൾ എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിക്കും മോഹഭംഗം.
കർണാടക രാഷ്ട്രീയത്തിൽ ജെഡിഎസിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്നതായി തെരഞ്ഞെടുപ്പു ഫലം. ചന്നപട്നയിൽ കുമാരസ്വാമിക്കു വിജയിക്കാനായെങ്കിലും പാർട്ടിയിൽ തന്റെ പിൻഗാമിയാക്കാൻ ഉദ്ദേശിച്ച മകൻ നിഖിൽ കുമാരസ്വാമി രാമനഗരയിൽ പരാജയപ്പെട്ടു.
22 സീറ്റുകൾ മാത്രമുള്ള പാർട്ടിക്ക് നിയമസഭയിൽ വിലപേശലിനുള്ള ഒരു അവസരവും അവശേഷിക്കുന്നില്ല. 2018ലെ 37 സീറ്റുകളിൽ നിന്നാണ് പാർട്ടി കൂടുതൽ മെലിഞ്ഞത്. അഞ്ചു വർഷം മുൻപ് 20 ശതമാനം വോട്ട് ലഭിച്ച പാർട്ടിക്ക് ഇത്തവണ വോട്ട് 13 ശതമാനത്തിലേക്കു താഴ്ന്നു.
ശക്തികേന്ദ്രമായ ഓൾഡ് മൈസൂരിൽ സമീപകാലത്ത് ഇതാദ്യമായി വൊക്കലിഗ വോട്ടുകൾ കോൺഗ്രസുമായി പങ്കുവയ്ക്കേണ്ടി വന്നതാണ് ജെഡിഎസിന് വലിയ തിരിച്ചടിയുണ്ടാക്കിയത്. ഇതിനുപുറമേ, ജനതാ പാർട്ടിയുടെ കാലം മുതൽ പിന്തുണ നൽകിയിരുന്ന മുസ്ലിം വിഭാഗവും ഇത്തവണ കോൺഗ്രസിനെ പിന്തുണച്ചു.