ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാന സർക്കാരുകൾ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ സംവരണം പ്രഖ്യാപിച്ചു. സൈനിക സേവന കാലാവധി പൂർത്തിയായ ശേഷമായിരിക്കും ഇവർക്ക് സംവരണത്തിന് യോഗ്യത ലഭിക്കുക.
ഉത്തരാഖണ്ഡ്, മധ്യ പ്രദേശ്, ഛത്തിസ്ഗഢ്, ഉത്തർ പ്രദേശ്, ഒഡീശ സംസ്ഥാനങ്ങളാണ് സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്. അഗ്നിവീർ പദ്ധതിക്കെതിരായ രൂക്ഷ വിമർശനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയതിനു തൊട്ടു പിന്നാലെയാണ് സംസ്ഥാന സർക്കാരുകളുടെ തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്.
സൈനിക സേവനത്തിനുള്ള കാലാവധി ചുരുക്കുന്നതും സൈനികർക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതുമാണ് അഗ്നിവീർ പദ്ധതി എന്നാണ് പ്രധാന വിമർശനം. എന്നാൽ, സായുധ സേനാ വിഭാഗങ്ങൾക്ക് നവയൗവനം പകരുന്നതും, സൈന്യത്തെ സദാ യുദ്ധസജ്ജമാക്കി നിർത്തുന്നതുമാണ് പദ്ധതി എന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചത്.
കാർഗിൽ വിജയ ദിവസത്തോടനുബന്ധിച്ച് ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. സൈന്യത്തെ ദുർബലമാക്കുന്നതാണ് അഗ്നിവീർ പദ്ധതി എന്നു പ്രതിപക്ഷം പറയുന്നത്, അവർക്ക് സൈനികരെക്കുറിച്ച് കരുതലില്ലാത്തതുകൊണ്ടാണെന്നും മോദി ആരോപിച്ചു.
കാർഗിൽ വിജയ ദിവസത്തിൽ പ്രധാനമന്ത്രി വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇതിനോടു പ്രതികരിച്ചു.
നാലു വർഷത്തേക്കാണ് അഗ്നിവീർ പദ്ധതി പ്രകാരം സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്‍റ്. നാലു വർഷം കാലാവധി പൂർത്തിയാക്കുന്നവരിൽ 25 ശതമാനം പേർക്കു മാത്രമായിരിക്കും 15 വർഷത്തേക്കുള്ള സ്ഥിരം ജോലി സൈന്യത്തിൽ ലഭിക്കുക.