ന്യൂഡൽഹി: ജെ.പി. നഡ്ഡ കേന്ദ്ര മന്ത്രിസഭയിലേക്കു മടങ്ങിയെത്തിയപ്പോൾ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഇനി ആരെന്നതായി ചർച്ച. ഒന്നാം മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്നു നഡ്ഡ. 2019ൽ ബിജെപി തുടർവിജയം നേടിയപ്പോൾ അമിത് ഷായുടെ പിൻഗാമിയായാണു പാർട്ടി നേതൃത്വത്തിലെത്തിയത്.
എബിവിപിയിലൂടെയും ആർഎസ്എസിലൂടെയും ബിജെപിയിലെത്തിയ നഡ്ഡ ഹിമാചൽ പ്രദേശ് സ്വദേശിയാണ്. കേരളമടക്കം സംസ്ഥാനങ്ങളിൽ ബിജെപിയുടെ പ്രചാരണച്ചുമതല വഹിച്ചിട്ടുണ്ട്.
മന്ത്രിസഭയിലെത്തിയതിനാൽ നഡ്ഡ വൈകാതെ പാർട്ടി അധ്യക്ഷ പദം രാജിവയ്ക്കും. ആർഎസ്എസ് നേതൃത്വവുമായി കൂടുതൽ ഇഴയടുപ്പമുള്ള നേതാവാകും ഇനി അധ്യക്ഷ പദവിയിലെത്തുകയെന്നു കരുതുന്നു.