കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മൂന്നാമൂഴം കിട്ടിയാൽ ഇന്ത്യയുടെ തലസ്ഥാനം നാഗ്പുരിലേക്കു മാറ്റുമെന്നു പറയുന്ന നടൻ കമൽഹാസനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ. ഇങ്ങനെയൊക്കെ പറയുന്നത് ആരായാലും അവരെ മനോരോഗ ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കണം. അവരുടെ തലച്ചോറ് പരിശോധിക്കണം. കമൽഹാസനെന്നല്ല, ആരായാലും ഇത്തരക്കാരുടെ തലച്ചോറിന്‍റെ രണ്ടു വശവും ശരിയായി പ്രവർത്തിക്കുന്നുണ്ടോ, സ്വബോധമുണ്ടോ, ശരിയായി ഭക്ഷണം കഴിക്കുന്നുണ്ടോ എന്നൊക്കെ പരിശോധിക്കണം. കമൽഹാസനെ അടിയന്തരമായി സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്നും അണ്ണാമലൈ പരിഹസിച്ചു.
വേനൽക്കാലത്തെയോ ശൈത്യകാലത്തെയോ തലസ്ഥാനം ചെന്നൈയിലേക്കു മാറ്റുമെന്നു പറഞ്ഞാൽ അംഗീകരിക്കാം. ഡിഎംകെ ടിക്കറ്റിൽ രാജ്യസഭയിൽ പോകണമെങ്കിൽ ആദ്യം സ്വബോധത്തോടെ സംസാരിക്കണമെന്നും അണ്ണാമലൈ.
ദേശീയ പതാകയിലെ ത്രിവർണം കാവിയാക്കി മാറ്റാനും തലസ്ഥാനം ഡൽഹിയിൽ നിന്നു നാഗ്പുരിലേക്കു മാറ്റാനുമാണു ബിജെപിയുടെ ശ്രമമെന്ന് കമൽഹാസൻ ആരോപിച്ചിരുന്നു.