ട്രെയിൻ അപകടം; ഇരു ട്രെയിനുകളിലെയും ലോക്കോ പൈലറ്റുമാർ മരിച്ചു, രക്ഷാപ്രവർത്തനം പൂർത്തിയായി

ഞായറാഴ്ച പുലർച്ചെ 5.25 മുതൽ തന്നെ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം തകരാറിലായിരുന്നുവെന്നും റെയിൽവേ വെളിപ്പെടുത്തിയിട്ടുണ്ട്.
ട്രെയിൻ അപകടം; ഇരു ട്രെയിനുകളിലെയും ലോക്കോ പൈലറ്റുമാർ മരിച്ചു, രക്ഷാപ്രവർത്തനം പൂർത്തിയായി
Updated on

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ചരക്കു തീവണ്ടി ഇടിച്ചു കയറി അപകടമുണ്ടായതിനെത്തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയിൽവേ. ഇരു ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാർ അടക്കം 15 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. പരുക്കേറ്റ അറുപതു പേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ എത്തിച്ചു. ചരക്കു തീവണ്ടി സിഗ്നൽ തെറ്റിച്ചതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കാഞ്ചൻ ജംഗ എക്സ്പ്രസിന്‍റെ ഗാർഡ് കോച്ചും രണ്ടു പാഴ്സൺ വാനുകളും പൂർണമായും തകർന്ന നിലയിലാണ്. അതു കൊണ്ടു തന്നെ യാത്രക്കാർ ഉണ്ടായിരുന്ന മൂന്നു കോച്ചുകളെ അപകടം കാര്യമായി ബാധിച്ചില്ല. ജനറൽ കംപാർട്മെന്‍റിനെയും അപകടം ബാധിച്ചിട്ടുണ്ട്. തീവണ്ടിക്കടിയിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കുന്ന ദൗത്യം പൂർത്തിയായതായും റെയിൽവേ വക്താവ് വ്യക്തമാക്കി. എൻഡിആർഎഫ്, കരസേന എന്നിവർക്കൊപ്പം നാട്ടുകാരും രക്ഷാദൗത്യത്തിൽ പങ്കാളികളായി.

അതേ സമയം ഞായറാഴ്ച പുലർച്ചെ 5.25 മുതൽ തന്നെ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം തകരാറിലായിരുന്നുവെന്നും റെയിൽവേ വെളിപ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ കാഞ്ചൻജംഗ എക്സ്പ്രസ് യാത്ര തുടങ്ങിയതിനു ശേഷം റാണിപത്ര സ്റ്റേഷനും ഛത്തർഹാറ്റിനും ഇടയിൽ പിടിച്ചിട്ടിരുന്നു.

ഓട്ടോമാറ്റിക് സിഗ്നൽ സിസ്റ്റം തകരാറിലായതിനാൽ കാഞ്ചൻജംഗ എക്സ്പ്രസിന് സെക്ഷനിലെ റെഡ് സിഗ്നലുകൾ കണക്കാക്കാതെ യാത്ര ചെയ്യാൻ അനുമതി നൽകിയിരുന്നു. എന്നാൽ സിഗ്നൽ തെറ്റിച്ച് ചരക്കു തീവണ്ടി എക്സ്പ്രസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Trending

No stories found.

Latest News

No stories found.