കണ്ണൂർ വി സി പുനർനിയമനം: ഹർജി മാറ്റി

കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് വിസി പുനർനിയമനം ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്
കണ്ണൂർ വി സി പുനർനിയമനം: ഹർജി മാറ്റി
Updated on

ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്നത് നീട്ടി. ജൂലൈ 11 ന് സുപ്രീംകോടതി ഹർജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് രാമസുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് വിസി പുനർനിയമനം ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. വിസിയുടെ ആദ്യ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. ഈ സാഹചര്യത്തിൽ പുനർനിയമനവും നിലനിൽക്കില്ലെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് തനിക്ക് പുനർനിയമനം നൽകിയതെന്ന് ഡോ ഗോപിനാഥ് രവീന്ദ്രൻ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

നേരത്തെ കണ്ണൂർ വിസിയുടെ പുനർ നിയമനം ഹൈക്കോടതി ശരിവെച്ചിരുന്നു. വിവിധ സർവ്വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസിലറായ ഗവർണരും തമ്മിൽ ഉടലെടുത്ത രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കിടയിലാണ് സർക്കാരിന് ആശ്വാസമായ വിധിയുണ്ടായത്. പ്രായപരിധിയടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. മാത്രമല്ല വിവാദങ്ങളുമായി ബന്ധപ്പെട്ട ഹർജി വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉപഹർജിയും തള്ളിയിരുന്നു.

Trending

No stories found.

Latest News

No stories found.