ബംഗളൂരു: ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് ഇരുപത്താറുകാരി ആറ് വയസ് മാത്രം പ്രായമുള്ള മകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് കൊന്നു. ഉത്തര കന്നഡയിലെ ദണ്ഡേലി താലൂക്കിലാണ് സംഭവം. ഭിന്നശേഷിക്കാരനായ കുട്ടിയാണ് അതിദാരുണമായി മരിച്ചത്. ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ മകനെ ഇവര്‍ വീടിന് സമീപത്തെ തോട്ടിലേക്ക് എറിയുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മ സാവിത്രി, അച്ഛന്‍ രവികുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കും രണ്ടു വയസ് പ്രായമുള്ള മറ്റൊരു ആണ്‍കുട്ടിയുമുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. ജനനം മുതല്‍ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാതിരുന്ന മൂത്ത മകന്‍റെ അവസ്ഥയെച്ചൊല്ലി ദമ്പതികൾ തമ്മിൽ സ്ഥിരം വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ''എന്തിന് ഇങ്ങനെ ഒരു കുട്ടിക്ക് ജന്മം നല്‍കി, കുട്ടിയെ വലിച്ചെറിഞ്ഞ് കൂടേ'' എന്നു പറഞ്ഞ് ഭര്‍ത്താവ് സ്ഥിരമായി സാവിത്രിയെ ശകാരിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.
ശനിയാഴ്ച രാത്രിയും ഇതേ വിഷയത്തെച്ചൊല്ലി ദമ്പതികള്‍ വഴക്കിട്ടു. ഇതിനു പിന്നാലെ രാത്രി 9 മണിയോട കുട്ടിയെ ഏറെ മുതലകളുള്ള കാളി നദിയുമായി ബന്ധപ്പെടുന്ന മാലിന്യ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു എന്ന് ദണ്ഡേലി റൂറല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണ ബാരകേരി പറഞ്ഞു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് രാത്രി തന്നെ പരിശോധന ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ മുതലകള്‍ പാതി ഭക്ഷിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിലുടനീളം മുതല കടിച്ച പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
സാവിത്രിക്കും ഭര്‍ത്താവ് രവികുമാറിനും (36) എതിരേ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മാത്രമേ മരണകാരണം സംബന്ധിച്ച യഥാര്‍ഥ വസ്തുത പുറത്തുവരികയുള്ളൂ എന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.