ബംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാകാതെ ബിജെപി. ഇനിയും പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി എംഎൽഎമാർ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ മേയിലാണ് കർണാടകയിൽ തെരഞ്ഞെടുപ്പു നടന്നത്. ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് ഗംഭീര വിജയം നേടിയതോടെ ബിജെപി പ്രതിപക്ഷസ്ഥാനത്തായി. കോൺഗ്രസ് സർക്കാരിനെതിരേയുള്ള ആരോപണങ്ങൾ പ്രതിപക്ഷ നേതാവില്ലാത്തതിനാൽ മുനയില്ലാത്ത അമ്പായി പോകുന്നുവെന്നാണ് ബിജെപി എംഎൽഎമാരുടെ ആരോപണം. പാർട്ടിയിലെ മുതിർന്ന നേതാവ് ബി.എസ്. യെദ്യൂരപ്പയ വിളിച്ചു കൂട്ടിയ യോഗത്തിൽ എംഎൽഎമാർ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ, മുൻകേന്ദ്ര മന്ത്രി ബസനഗൗഡ പാട്ടീൽ യത്നാൾ, മുൻ മന്ത്രി സി.എൻ. അശ്വത്ത് നാരായൺ, മുൻ ഉപമുഖ്യമന്ത്രി ആർ. അശോക എന്നിവരാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.
മറ്റ് അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാൽ കേന്ദ്ര നേതൃത്വം തിരക്കിലാണെന്നും കേന്ദ്ര നേതൃത്വം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുമെന്നുമാണ് ഇപ്പോഴും ബിജപി നേതാക്കൾ ആവർത്തിക്കുന്നത്.