ബംഗളൂരു: കർണാടകയിലെ മലമുകളിലെ ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. ചിക്കമംഗളൂരുവിൽ തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീണായിരുന്നു അപകടം. മലയിൽ നിന്ന് കാൽ വഴുതി വീണും, ഇതിനു പുറമെ തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരുക്കേറ്റു. നിരവധി തീർത്ഥാടകർ മലമുകളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം. നരക ചതുർദശി ദിവസമായതിനാൽ ആയിരക്കണക്കിന് പേരാണ് 3000 അടി ഉയരമുള്ള മല കയറാനെത്തിയത്. വർഷത്തിൽ ഒരിക്കൽ മാത്രമേ സന്ദർശകരെ സ്വീകരിക്കുകയുള്ളൂ.
ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതിനു പുറമേ 2 ദിവസമായി ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. ഇത് അവഗണിച്ചാണ് പ്രദേശത്തേക്ക് ഭക്തർ എത്തിയത്. ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്‍റെ പാസും അനുമതിയും വേണമായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ ആയിരക്കണക്കിന് ആളുകളാണ് മല കയറാന്‍ എത്തിയത്. തിരക്ക് നിയന്ത്രിക്കാൻ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് സേനയെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഉത്സവം നവംബർ 3ന് സമാപിക്കും.