എതിർപ്പ് ശക്തം; കന്നഡ സംവരണ ബിൽ താൽക്കാലികമായി മരവിപ്പിച്ച് സർക്കാർ

പരിശോധനകള്‍ നടത്തിശേഷമാകും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് സർക്കാർ
Karnataka government puts job reservation bill on hold
എതിർപ്പ് ശക്തം; കന്നഡ സംവരണ ബിൽ താൽക്കാലികമായി മരവിപ്പിച്ച് സർക്കാർ
Updated on

ബംഗളൂരു: കര്‍ണാടകത്തില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് തൊഴില്‍ സംവരണം ഉറപ്പാക്കുന്ന ബില്ല് സിദ്ധരാമയ്യ സര്‍ക്കാര്‍ താല്‍കാലികമായി മരവിപ്പിച്ചു. ഐടി മേഖലയില്‍ നിന്നുള്‍പ്പടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് ബില്ല് മരവിപ്പിച്ചത്. കൂടുതല്‍ പരിശോധനകള്‍ നടത്തിശേഷമാകും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് സർക്കാർ വ്യക്തമാക്കി.

വിമർശനങ്ങളെ തുടർന്ന് ബില്ലിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇട്ട പോസ്റ്റ് സാമൂഹികമാധ്യമമായ എക്സില്‍നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണു വ്യവസായ മേഖലയുടെ രൂക്ഷമായ എതിർപ്പിനു വഴിയൊരുക്കിയിരുന്നു.

കർണാടക സ്റ്റേറ്റ് എംപ്ലോയ്‌മെന്‍റ് ഒഫ് ലോക്കൽ കാൻഡിഡേറ്റ്‌സ് ഇൻ ദ ഇൻഡസ്ട്രീസ്, ഫാക്റ്ററീസ്, ആൻഡ് അദർ എസ്റ്റാബ്ലിഷ്‌മെന്‍റ് ബിൽ 2024 എന്നപേരിലുള്ള ബിൽ നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. കന്നഡിഗർക്കൊപ്പം സംസ്ഥാനത്ത് ജനിച്ചുവളർന്നവരും കന്നഡ എഴുതാനും വായിക്കാനും അറിയുന്നവരുമായ തദ്ദേശവാസികൾക്കും ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 15 വർഷമായി ഇവർ കർണാടകയിൽ താമസിക്കുന്നവരാകണം. അപേക്ഷകർ കന്നഡഭാഷ ഒരു വിഷയമായി പഠിച്ച് പത്താംക്ലാസ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ സർക്കാർ വിജ്ഞാപനംചെയ്യുന്ന നോഡൽ ഏജൻസി നടത്തുന്ന കന്നഡ നൈപുണി ടെസ്റ്റ് പാസാകണം. അപേക്ഷകരായി വേണ്ടത്ര തദ്ദേശീയരെത്തിയില്ലെങ്കിൽ നിയമത്തിൽ ഇളവുവരുത്താൻ സ്ഥാപനം സർക്കാരിന് അപേക്ഷനൽകണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 രൂപമുതൽ 25,000 രൂപവരെ പിഴയീടാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

കന്നഡിഗർക്ക് കൂടുതൽ അവസരം ഉറപ്പാക്കാനാണു സർക്കാരിന്‍റെ ശ്രമമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ, വ്യവസായ രംഗത്തെ വിദഗ്ധരോടും മറ്റു വകുപ്പുകളോടും ചർച്ച ചെയ്തശേഷമേ ബില്ലിലെ വ്യവസ്ഥകൾക്ക് അന്തിമ രൂപം നൽകാനും നടപ്പാക്കാനും പാടുള്ളൂ എന്നു സംസ്ഥാന വ്യവസായ മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം തദ്ദേശീയർക്കു തൊഴിൽ നൽകാൻ കൂടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഖാർഗെ. അതേസമയം, കന്നഡ സംവരണത്തിൽ ആശങ്ക അറിയിച്ച് വ്യവസായ ലോകം രംഗത്തത്തി. ടെക് ഹബ് എന്ന നിലയിൽ സംസ്ഥാനത്തിന്‍റെ മുന്നേറ്റത്തെ ഈ നീക്കം ബാധിക്കരുതെന്ന് ബൈകോൺ എക്സിക്യൂട്ടിവ് ചെയർപെഴ്സൺ കിരൺ മജുംദാർ ഷോ പ്രതികരിച്ചു. ബിൽ ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ഇൻഫോസിസ് മുൻ എക്സസിക്യൂട്ടിവ് മോഹൻദാസ് പൈ പറഞ്ഞു. ഇതു ഫാസിസ്റ്റ് ബില്ലാണെന്നും അദ്ദേഹം. സങ്കുചിത കാഴ്ചപ്പാടോടെയുള്ള ബില്ലാണിതെന്നും വ്യവസായ ലോകത്തെ ഓടിക്കാനേ ഇതു കൊണ്ടു കഴിയൂ എന്നും അസോച്ചം വ്യക്തമാക്കി. നേരത്തേ, സ്വകാര്യമേഖലയിൽ 75 ശതമാനം തദ്ദേശീയർക്കു സംവരണം നൽകുന്ന ബിൽ ഹരിയാന സർക്കാർ പാസാക്കിയിരുന്നു. എന്നാൽ, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇതു ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കി.

Trending

No stories found.

Latest News

No stories found.