ബംഗളൂരു: കർണാടകയിലെ ആഗോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവറെ കുറിച്ച് വിവരമില്ല. ജിപിഎസ് സംവിധാനം ഉപയോഗിച്ച് പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലോക്കേഷൻ കാണിക്കുന്നത്. തടി കയറ്റി വരികയായിരുന്നു ലോറി. ഫോൺ ഒരു തവണ റിങ് ചെയ്തത് പ്രതീക്ഷ നൽകുന്നതാണ്.
അര്‍ജുനെ കണ്ടെത്താൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ. ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് ഇടപെടൽ.
ഏറ്റവും ഒടുവിൽ റിങ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറി. വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.
16–ാം തീയതിയാണ് സംഭവം. അന്ന് രാവിലെ 9 മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ ലോറിയിലാണ് അര്‍ജുൻ പോയിരുന്നത്. വാഹനത്തിന്‍റെ ജിപിഎസ് ലോക്കേഷൻ ഇപ്പോഴും മണ്ണിനിടയില്‍ തന്നെയാണെന്നും വീട്ടുകാര്‍ പറഞ്ഞു.