ബംഗളൂരു: മതപരിവർത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവും പിൻവലിക്കാനുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരേ ദക്ഷിണകന്നഡയിലെ മഠാധിപതിമാർ. ഈ നിയമങ്ങൾ പിൻവലിക്കുന്നത് ദക്ഷിണകന്നഡയുൾപ്പെടെ സംസ്ഥാനത്തെ ജില്ലകളിൽ സാമൂഹികാന്തരീക്ഷം കലുഷിതമാക്കുമെന്നു പത്തു പ്രമുഖ സന്ന്യാസ മഠങ്ങളുടെ അധിപതിമാർ പങ്കെടുത്ത യോഗം മുന്നറിയിപ്പു നൽകി. നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് സന്ന്യാസിമാരുടെ ഇടപെടൽ.
നിയമം പിൻവലിക്കാനുള്ള തീരുമാനം ഹിന്ദുവിരുദ്ധമെന്ന് ഒഡിയൊരു മഠാധിപി സ്വാമി ഗുരുദേവാനന്ദ പറഞ്ഞു. നിയമത്തിൽ ഒരു മാറ്റവും വരുത്തരുതെന്ന് അദ്ദേഹം മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരോട് ആവശ്യപ്പെട്ടു. നിയമം പിൻവലിക്കുന്നതിനെതിരേ കോടതിയെ സമീപിക്കുന്നതു പരിഗണിക്കുമെന്നു വജ്രദേഹി മഠാധിപതി സ്വാമി രാജശേഖരാനന്ദ അറിയിച്ചു. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച വർഗീയ വിരുദ്ധ പൊലീസിന്റെ പേരിൽ ഹിന്ദു യുവാക്കളെ ഇരകളാക്കരുതെന്നും അദ്ദേഹം.