ഹൈദരാബാദ്: ബിജെപിക്കെതിരേ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുകയെന്ന ഉദ്യമം തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖര റാവു ഉപേക്ഷിച്ചെന്നു മകൻ കെ.ടി. രാമരാമറാവു. പകരം തെലങ്കാനയുടെ വികസന മാതൃക രാജ്യമൊട്ടാകെ അവതരിപ്പിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാമറാവു. തെലങ്കാന മന്ത്രിയും ബിആർഎസ് വർക്കിങ് പ്രസിഡന്റുമാണു കെ.ടി.ആർ. എന്ന് അറിയപ്പെടുന്ന രാമറാവു.
പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര രൂപപ്പെടുത്താൻ 12നു പറ്റ്നയിൽ ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ യോഗം വിളിച്ചിരിക്കെയാണു ബിആർഎസിന്റെ പ്രഖ്യാപനം. ഏതെങ്കിലുമൊരു പാർട്ടിക്കും നേതാവിനുമെതിരായ അന്ധമായ വിരോധത്തിന്റെ പേരിലുള്ള പ്രതിപക്ഷ ഐക്യം രാജ്യത്തിന് ആവശ്യമില്ലെന്നു കെ.ടി.ആർ. ക്രിയാത്മക ഭരണ മാതൃകയുടെ പേരിലാണ് ജനങ്ങളെ സമീപിക്കേണ്ടത്. എല്ലാ മാർഗങ്ങളും പരീക്ഷിച്ചശേഷമാണ് താൻ ഇക്കാര്യം പറയുന്നതെന്നും രാജ്യത്ത് ശരിയായ പ്രതിപക്ഷ പാർട്ടിയുടെ ശൂന്യതയുണ്ടെന്നും കെ.ടി.ആർ.
ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ എന്നിവരുമായി നേരത്തേ ബിജെപി, കോൺഗ്രസിതര കക്ഷികളുടെ സഖ്യം രൂപീകരിക്കുന്നതു സംബന്ധിച്ച് കെ.സി.ആർ ചർച്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ ഉൾപ്പെടെ പൊതുസമ്മേളനങ്ങളും നടത്തി അദ്ദേഹം. എന്നാൽ, പിന്നീട് അദ്ദേഹം അതിൽ നിന്നു പിന്നോട്ടുപോകുകയായിരുന്നു. കർണാടകയിലേത് കോൺഗ്രസിന്റെ വിജയമല്ല, മറിച്ച് ഭരണ വിരുദ്ധ വികാരത്തിലുണ്ടായ തരംഗമാണെന്നും കെ.സി.ആർ. അഭിപ്രായപ്പെട്ടിരുന്നു.