ഉത്തരാഖണ്ഡിലെ അതി പ്രസിദ്ധ തീർഥാടന കേന്ദ്രമായ കേദാർനാഥ് ക്ഷേത്രം ഭക്തർക്കായ് തുറന്നു. ആറുമാസത്തിനു ശേഷമാണ് ക്ഷേത്രം തുറക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷകർ സിങ് ധാമിയുടെ അടക്കം സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളായ സോന്‍പ്രയാഗ്, ഗൗരികുണ്ഡ് എന്നിവിടങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ചാർ ധാം യാത്രയുടെ ഭാഗമായി 40 ക്വിന്‍റൽ പുഷ്പങ്ങൾ കൊണ്ടാണ് ക്ഷത്രത്തെ അലങ്കരിച്ചിരിക്കുന്നത്. ആകാശത്ത് നിന്ന് ക്ഷേത്ര പരിസരത്തേക്ക് പുഷ്പവര്‍ഷവുമുണ്ടായി. ചാര്‍ധാമിലെ മറ്റൊരു ക്ഷേത്രമായ യമുനോത്രിയും കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഗംഗോത്രി ക്ഷേത്രം മെയ് പത്തിന് ഉച്ചയോടെയും ബദ്രിനാഥ് ക്ഷേത്രം മെയ് 12 ന് രാവിലെയും തുറക്കും. യമുനോത്രിയില്‍ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലേക്കും അവിടെ നിന്ന് കേദാര്‍നാഥിലേക്കും ഒടുവില്‍ ബദരീനാഥില്‍ അവസാനിക്കുന്നതാണ് ചാര്‍ ധാം യാത്ര.സമുദ്രനിരപ്പില്‍ നിന്ന് 3583 മീറ്റര്‍ ഉയരത്തില്‍ മന്ദാകിനി നദിയുടെ തീരത്തായാണ് കേദാര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ചാർ ധാം യാത്രയ്ക്കെത്തുന്നത്.