കെജ്‌രിവാൾ ദിവസേന മാമ്പഴവും മധുരവും കഴിക്കുന്നു; ആരോഗ്യം മോശമാക്കി ജാമ്യം നേടാൻ ശ്രമമെന്ന് ഇഡി

ഇഡിയുടെ പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി തിഹാർ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കെജ്‌രിവാൾ ദിവസേന മാമ്പഴവും മധുരവും കഴിക്കുന്നു; ആരോഗ്യം മോശമാക്കി ജാമ്യം നേടാൻ ശ്രമമെന്ന് ഇഡി
Updated on

ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിക്കെതിരേ പരാതിയുമായി ഇഡി കോടതിയിൽ. ദിവസവും കെജ്‌രിവാൾ മാമ്പഴവും ആലു പൂരിയും അതു പോലെ പ്രമേഹം വർധിക്കാനിടയുള്ള മധുരപദാർഥങ്ങളും കഴിക്കുന്നുവെന്നാണ് ഇഡിയുടെ പരാതി. പ്രമേഹം മൂലം ആരോഗ്യം മോശമാക്കി ജാമ്യം നേടാനുള്ള ശ്രമമാണ് കെജ്‌രിവാൾ നടത്തുന്നതെന്നാണ് ഇഡി പ്രത്യേക കോടതിയിൽ പരാതിപ്പെട്ടത്. നിലവിൽ കെജ്‌രിവാൾ ഇഡിയുടെ കസ്റ്റഡിയിലാണ്. അദ്ദേഹത്തിന്‍റെ പ്രമേഹമുള്ളതിനാൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.

എന്നാൽ അദ്ദേഹം ദിനവും മാമ്പഴം, മധുര പലഹാരങ്ങൾ, മധുരമിട്ട ചായ എന്നിവ കഴിക്കുന്നുണ്ട്. ഇത് ജാമ്യം നേടാനുള്ള ശ്രമമാണ് എന്നാണ് ഇഡി കൗൺസിൽ സുഹേബ് ഹുസൈൻ കോടതിയിൽ അറിയിച്ചത്. കെജ്‌രിവാളിന്‍റെ ഭക്ഷണക്രമത്തെക്കുറിച്ചും മരുന്നുകളെക്കുറിച്ചും അന്വേഷിച്ചപ്പോഴാണ് ഈ വിവരം ലഭ്യമായതെന്നും ഇഡി കോടതിയെ അറിയിച്ചു. എന്നാൽ മാധ്യമങ്ങൾക്ക് ആഘോഷിക്കാനായാണ് ഇഡി ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കെജ്‌രിവാളിനു വേണ്ടി ഹാജരായ അഭിഭാഷകൻ വിവേക് ജയിൻ ആരോപിച്ചു. ഇഡിയുടെ പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി തിഹാർ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെജ്‌രിവാളിന്‍റെ ഡയറ്റ് ചാർട്ട് അടക്കമുള്ള റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനാൽ വിഡിയോ കോൺഫറൻസ് വഴി ഡോക്റ്ററോട് സംസാരിക്കാൻ അടുത്തിടെ കെജ്‌രിവാൾ അനുവാദം തേടിയിരുന്നു. വിഷയത്തിൽ വെള്ളിയാഴ്ച റിപ്പോർട്ട് ഫയൽ ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.