ബംഗളൂരു: മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യയുടെ വിശ്വസ്തനായ കെ.ജെ. ജോർജിലൂടെ കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭയ്ക്ക് മലയാളി പ്രാതിനിധ്യം. ആറു തവണ എംഎൽഎയായ ജോർജ് ഇതു നാലാംതവണയാണു മന്ത്രിയാകുന്നത്.
വിവിധ മന്ത്രി സഭകളിൽ ഗതാഗതം, ഭക്ഷ്യം, ഭവന നിർമാണം, ബംഗളൂരു നഗരവികസനം തുടങ്ങി ആഭ്യന്തര വകുപ്പിന്റെ വരെ ചുമതലയുണ്ടായിരുന്നു ജോർജിന്. കോട്ടയം ചിങ്ങവനത്തു നിന്നു 1960 കളിൽ കുടകിലെ ഗോണിക്കൊപ്പയിലേക്ക് കുടിയേറിയതാണു ജോർജിന്റെ മാതാപിതാക്കൾ. ഗോണിക്കുപ്പയിൽ യൂത്ത് കോൺഗ്രസിലൂടെയാണു പൊതുപ്രവർത്തന രംഗത്തു തുടക്കം.
1971ൽ വിരാജ്പേട്ട് താലൂക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റായ ജോർജ് തൊട്ടടുത്ത വർഷം സംഘടനയുടെ കുടക് ജില്ലാ ജനറൽ സെക്രട്ടറിയായി. പിന്നീട് കർണാടക യൂണിറ്റിന്റെ ട്രഷററും 1982ൽ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായി. കർണാടക പിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
ഇതിനിടെ, പ്രവർത്തന കേന്ദ്രം ബംഗളൂരുവിലേക്കു മാറ്റിയിരുന്നു. 1985 ൽ ഭാരതി നഗറിൽ നിന്നും ആദ്യം നിയമസഭാംഗമായി. സ്ഥിരം മണ്ഡലം സർവജ്ഞ നഗറിൽ നിന്നാണ് ഇത്തവണ നിയമസഭയിലെത്തിയത്. കർണാടക രാഷ്ട്രീയത്തിലെ വ്യവസായികളിൽ പ്രമുഖനാണു ജോർജ്. കേളചന്ദ്ര ഗ്രൂപ്പ് മുതൽ റിയൽ എസ്റ്റേറ്റും ഖനനവും വരെ നീളുന്നു ജോർജിന്റെ വ്യവസായ സാമ്രാജ്യം. കോട്ടയം ചിങ്ങവനം ചാക്കോ ജോസഫ് കേളചന്ദ്രയുടെയും മറിയാമ്മ ജോസഫിന്റെയും മകനാണ്. ഭാര്യ സുജ ജോർജ്.
ജോർജിന്റെ സ്ഥാനലബ്ധി ചിങ്ങവനത്തെ കുടുംബവീട്ടിലും ആഹ്ലാദം പകർന്നു.