വിവാദങ്ങൾ ഏശിയില്ല; തിരുപ്പതിയിൽ നാലു ദിവസത്തിനിടെ വിറ്റഴിച്ചത് 14 ലക്ഷം ലഡ്ഡു
ഹൈദരാബാദ്: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡ്ഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ടും ഡിമാൻഡ് ഇടിയാതെ ലഡ്ഡു. വിവാദമുയർന്ന ഈ നാല് ദിവസങ്ങൾക്കിടെ 14 ലക്ഷത്തോളം ലഡ്ഡുവാണ് വിറ്റഴിഞ്ഞതെന്നാണ് കണക്കുകൾ.
സെപ്റ്റംബർ 19ന് 3.17 ലക്ഷം, 20ന് 3.17 ലക്ഷം, 21ന് 3.67 ലക്ഷം, 22ന് 3.60 ലക്ഷം എന്നിങ്ങനെയാണ് ലഡ്ഡു വിൽപ്പന നടന്നതെന്നാണ് കണക്കുകൾ. ഭക്തരുടെ എണ്ണത്തിലും കുറവുണ്ടായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വൈ.എസ്. ജഗൻമോഹൻ റെഡ്ഡി സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായ ലഡ്ഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആരോപിക്കുകയായിരുന്നു. എൻഡിഎയുടെ നിയമസഭാ കക്ഷി യോഗത്തിലാണു മുൻ സർക്കാരിനെതിരേ മുഖ്യമന്ത്രിയുടെ ഗുരുതരമായ ആരോപണം. വൈഎസ്ആർ കോൺഗ്രസ് ആരോപണം തള്ളിയതിനു പിന്നാലെ പ്രസാദത്തിൽ മൃഗക്കൊഴുപ്പിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പരിശോധനാ റിപ്പോർട്ട് ആന്ധ്രപ്രദേശ് സർക്കാർ പുറത്തുവിടുകയായിരുന്നു.
ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്മെന്‍റ് ബോർഡിനു കീഴിലുള്ള സെന്‍റർ ഒഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ് സ്റ്റോക്ക് ആൻഡ് ഫുഡിന്‍റെ ജൂലൈയിലെ റിപ്പോർട്ടാണ് സർക്കാർ പരസ്യപ്പെടുത്തിയത്. തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായ ലഡ്ഡുവുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മീനെണ്ണ, ബീഫിൽ നിന്നും പന്നിമാംസത്തിൽ നിന്നുമുള്ള കൊഴുപ്പ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടാണ് സർക്കാർ വെളിപ്പെടുത്തിയത്.