മുഡ ഭൂമിയിടപാട് അഴിമതി; സിദ്ധരാമയ്യയ്‌ക്കെതിരേ ലോകായുക്ത കേസെടുത്തു

എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടതിനെത്തുടർന്നാണു നടപടി
lokayukta police file fir against karnataka cm siddaramaiah in muda case
Karnataka CM Siddaramaiah
Updated on

മൈസൂരു: മൈസൂരു അർബൻ ഡെവലപ്മെന്‍റ് അഥോറിറ്റി (മുഡ) ഭൂമി വിവാദത്തിൽ കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യയ്ക്കെതിരേ ലോകായുക്ത കേസെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടതിനെത്തുടർന്നാണു നടപടി. എന്നാൽ, രാജിവയ്ക്കില്ലെന്ന് സിദ്ധരാമയ്യ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരു നഗരഹൃദയത്തിൽ 14 പ്ലോട്ടുകൾ അനുവദിച്ചതു സംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് നൽകിയ അനുമതി കഴിഞ്ഞ ദിവസം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ എംപി/എംഎൽഎ കോടതി ലോകായുക്തയ്ക്കു നിർദേശം നൽകിയത്. ഡിസംബർ 24നുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം.

പാർവതിയുടെ പേരിലുള്ള ഭൂമി നഗരവികസനത്തിനായി ഏറ്റെടുത്തതിനു പകരമായി മുഡ, നഗരത്തിൽ ഏറ്റവും വിലപിടിപ്പുള്ള പ്രദേശത്ത് 14 പ്ലോട്ടുകൾ അനുവദിച്ചതാണു വിവാദമായത്. പാർവതിയിൽ നിന്ന് ഏറ്റെടുത്ത ഭൂമി ശരിയായ രേഖകളില്ലാത്തതാണെന്നു പരാതിക്കാർ പറയുന്നു. എന്നാൽ, സഹോദരൻ മല്ലികാർജുന സ്വാമി പാർവതിക്കു സമ്മാനമായി നൽകിയതാണു ഭൂമിയെന്ന് സിദ്ധരാമയ്യ അവകാശപ്പെടുന്നു. സിദ്ധരാമയ്യ, ഭാര്യ പാർവതി, ഇവരുടെ സഹോദരൻ മല്ലികാർജുന സ്വാമി, ദേവരാജു എന്നിവരെ പ്രതിചേർത്താണ് കേസ്. ദേവരാജുവിൽ നിന്നാണു മൈസൂരു നഗരത്തിൽ മല്ലികാർജുന സ്വാമി ഭൂമി വാങ്ങിയത്.

Trending

No stories found.

Latest News

No stories found.