ഭോപ്പാൽ: സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35 % സംവരണം അനുവദിച്ച് മധ്യപ്രദേശ് സർക്കാർ. ചൊവ്വാഴ്ച ഇതു സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കി. പിന്നാലെ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ ഇതുസംബന്ധിച്ച പ്രഖ്യാപനവും നടത്തി.
നേരിട്ടുള്ള റിക്രൂട്മെന്‍റ് ഘട്ടത്തിലാണ് ഈ സംവരണം ബാധകമാവുക. വനംവകുപ്പിലൊഴികെ മറ്റെല്ലാ വകുപ്പുകളിലും പുതിയ ഉത്തരവ് ബാധകമായിരിക്കുമെന്നാണ് റിപ്പോർട്ട്.
ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വനിതാ വോട്ടർമാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബിജെപി സർക്കാരിന്‍റെ നീക്കം. സംസ്ഥാനത്തെ പൊലീസ് സേനയിലും 30% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന വസ്തുവകകൾക്ക് പ്രത്യേക ഇളവുകളും സർക്കാർ അനുവദിക്കുന്നുണ്ട്. മുഖ്യമന്ത്രി കന്യാദാൻ യോജന എന്ന പേരിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ വിവാഹവുമായി ബന്ധപ്പെട്ട പദ്ധതിയും സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ട്. അർഹരായ സ്ത്രീകൾക്ക് 1250 രൂപ നൽകുന്ന ലാഡ്‍ലി ബെഹ്ന യോജന എന്ന പദ്ധതിയും സർക്കാർ നടപ്പാക്കി വരുന്നു.