ശ്രീനഗര്‍: കഴിഞ്ഞ 20ന് ഏഴുപേരുടെ ജീവനെടുത്ത ഗന്ദേര്‍ബാല്‍ ആക്രമണത്തിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ആളെ തിരിച്ചറിഞ്ഞതായി അന്വേഷണ വൃത്തങ്ങൾ. മുഹമ്മദ് റംസാന്‍ ഭട്ട് എന്നയാളാണ് ആക്രമണത്തിനു പിന്നിലെന്നു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഒരു ഡോക്‌റ്ററടക്കം ഏഴ് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം, കഴിഞ്ഞ ദിവസം രണ്ടു സൈനികരുൾപ്പെടെ നാലു പേരുടെ ജീവൻ നഷ്ടമായ ഗുൽമാർഗ് ഭീകരാക്രമണത്തിനു പിന്നിൽ നാലു പേരുണ്ടെന്നു ബാരാമുള്ള എസ്എസ്പി മുഹമ്മദ് സെയ്ദ് മാലിക്ക് പറഞ്ഞു. ഇവർക്കുവേണ്ടി അന്വേഷണം തുടരുകയാണ്. ഗന്ദേർബാലിൽ തുരങ്ക നിർമാണത്തിനെത്തിയ തൊഴിലാളികൾ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ലഷ്‌കര്‍ ഇ തൊയിബ അനുകൂലികളായ ദ റസിസ്‌റ്റന്‍റ്സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കുല്‍ഗാമിലെ തൊക്കര്‍പോര സ്വദേശിയായ ഭട്ടിനെ 2023 മുതല്‍ കാണാനില്ലായിരുന്നു. ഈ കാലയളവിലാകും ഇയാള്‍ ടിആര്‍എഫില്‍ ചേര്‍ന്നതും, ആക്രമണം നടത്താനുള്ള പരിശീലനം നേടിയതുമെന്നാണ് നിഗമനം. ആക്രമണമുണ്ടായ സ്ഥലത്തെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഭട്ടിനെ കണ്ടെത്താനായി വ്യാപക പരിശോധന തുടരുകയാണ്.
ചോദ്യം ചെയ്യാനായി അന്‍പത് പേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് അക്രമിയുമായി ബന്ധമുണ്ടെന്നാണ് സംശയം. ആക്രമണത്തെക്കുറിച്ച് ചില ഇന്‍റലിജന്‍സ് വിവരങ്ങളും കിട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജൂണ്‍ ഒന്‍പതിന് ജമ്മുവിലെ റിയാസി ജില്ലയിലുണ്ടായ ആക്രമണത്തിന് ശേഷം സാധാരണ ജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണ് ഈ മാസം ഇരുപതിന് ഉണ്ടായത്.
ഗുൽമാർഗിൽ ആക്രമണമുണ്ടായ മേഖല സേനയുടെ വലയത്തിലാണ്. സേനയുടെ രഹസ്യാന്വേഷണ വിഭാഗത്തെയും സാങ്കേതിക സംവിധാനങ്ങളെയും ഉപയോഗിച്ചാണു തെരച്ചിലെന്നു സുരക്ഷാ വൃത്തങ്ങൾ.