ന്യൂഡൽഹി: പത്തു വർഷത്തെ ഭരണത്തിന്റെ പരാജയം മറച്ചുവയ്ക്കാൻ ബിജെപി വൈകാരിക പ്രശ്നങ്ങൾ ഉയർത്തുകയാണെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ചു നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയം ഉറപ്പാക്കണമെന്നും ഖാർഗെ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരമുള്ള ഭിന്നതകൾ മാറ്റിവയ്ക്കണം. ആഭ്യന്തര പ്രശ്നങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ പറയരുത്. ഒരു ടീമായി പ്രവർത്തിക്കണം. ബിജെപിയുടെ നുണകളെ ഒരുമിച്ചു നിന്ന് തുറന്നുകാണിക്കണം. യഥാർഥ പ്രശ്നങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണം. കന്യാകുമാരിലിയിൽ നിന്നു കശ്മീരിലേക്ക് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച ഖാർഗെ ഭാരത് ന്യായ് യാത്രയിലൂടെ സാമൂഹിക നീതി ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരാനാകുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.