ജബൽപൂർ: മധ്യപ്രദേശിൽ വളർത്തുനായ്ക്കളുടെ നിർത്താതെയുള്ള കുര ശല്യമുണ്ടാക്കുന്നുവെന്നും മാറ്റിപാർപ്പിക്കണമെന്നും ആവശ്യപ്പെട്ടതിന് അയൽവാസിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. രംഭാരൻ ഭൂമിയ (45) എന്നയാളെയാണ് അയൽവാസിയായ സുധായാദവും 3 മക്കളും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി സുധായാദവിന്‍റെ വളർത്തുനായ്ക്കൾ നിർത്താതെ കുരയ്ക്കുന്നത് കേട്ട് ഭൂമിയ പരാതി പറയുകയായിരുന്നു. നായ്ക്കളുടെ വലിയ ഉച്ചത്തിലുള്ള കുര കാരണം വീട്ടുകാർക്ക് ശല്യമാണെന്നും കുട്ടികൾക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും നായ്ക്കളെ മറ്റൊരിടത്തേക്ക് മാറ്റണമെന്നും ഭൂമിയ പറഞ്ഞു.
എന്നാൽ ഇത് സാധ്യമല്ലെമന്നും പറഞ്ഞ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടുകയും പിന്നാലെ ഇയാളും 3 മക്കളും ചേർന്ന് വടികൊണ്ട് ഭൂമിയയെ തല്ലിച്ചതയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭൂമിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണപ്പെട്ടു. ഭൂമിയയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് സുധ യാദവിനെയും 2 മക്കളെയും അറസ്റ്റ് ചെയ്തു. ഒരു മകൻ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു.