ഇംഫാൽ: കലാപം ശമിക്കാത്ത മണിപ്പുരിൽ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ആറു മാസത്തേക്കു കൂടി നീട്ടി. ഇംഫാൽ വാലിയിലെ 19 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളെയും അസമുമായി അതിർത്തി പങ്കിടുന്ന മേഖലയെയും നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ക്രമസമാധാന നില പുനരവലോകനം ചെയ്തശേഷമാണു സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. നേരത്തേ, അരുണാചൽ പ്രദേശിലും നാഗാലാൻഡിലും അഫ്സ്പ 6 മാസത്തേക്കു നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. മെയ്തേയി വിഭാഗത്തിനു ഭൂരിപക്ഷമുള്ളതാണ് മണിപ്പുരിൽ അഫ്സ്പയിൽ നിന്ന് ഇളവു നൽകിയ പ്രദേശങ്ങൾ.
അതിനിടെ, 2 മാസം മുൻപ് തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തിയ കേസിൽ അന്വേഷണത്തിനു സിബിഐയുടെ പ്രത്യേക സംഘം ഇന്നലെ ഇംഫാലിലെത്തി. സ്പെഷ്യൽ ഡയറക്റ്റർ അജയ് ഭട്നഗറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഫിജാം ഹേംജിത് (20), ഹിജാം ലിന്തോയിൻഗംബി (17) എന്നിവരുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയത്. ഇവരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ സംസ്ഥാനത്ത് വീണ്ടും ക്രമസമാധാന നില വഷളായിരുന്നു.