ഇഫാൽ: മണിപ്പുരിൽ സാമുദായിക സംഘർഷം രൂക്ഷമായതോടെ ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി).ഇതോടെ നിയമസഭയിൽ എൻഡിഎ സർക്കാരിന്‍റെ അംഗസംഖം 53ൽ നിന്ന് 46 ആയി കുറഞ്ഞു. കോൺഗ്രസിന് 5 അംഗങ്ങളും കുകി പീപ്പിൾ അലയൻസിന് 2 അംഗങ്ങളും അടക്കം 7 അംഗങ്ങളാണ് സംസ്ഥാനത്ത് പ്രതിപക്ഷത്തുള്ളത്.
കലാപം രൂക്ഷമായതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിൽ ഞായറാഴ്ച നടത്താനിരുന്ന രണ്ട് തെരഞ്ഞെടുപ്പ് റാലികൾ മാറ്റിവച്ച് ഡൽഹിയിലേക്ക് മടങ്ങി.
മണിപ്പൂരിൽ കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പ്രതിഷേധക്കാർ മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ കൊള്ളയടിക്കുകയും ചിലരുടെ വീടുകൾക്ക് തീയിടുകയും ചെയ്തു. മുഖ‍്യമന്ത്രി എൻ. ബിരേൻ സിംഗിന്‍റെ വീട് ആക്രമിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ കണ്ണീർ വാതകം പ്രയോഗിച്ചാണ് സുരക്ഷാ സേന പിരിച്ചുവിട്ടത്.
സായുധ സംഘം തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് മെയ്തെയ് വിഭാഗക്കാരുടെ പ്രതിഷേധം ശക്തമാണ്. നിരവധി മന്ത്രിമാരുടെ വീടുകളും വാഹനങ്ങളും ആക്രമണത്തിനിരയായി. ഇംഫാൽ മേഖലയിലുള്ള പള്ളികൾക്ക് നേരേയും ആക്രമണമുണ്ടായിട്ടുണ്ട്. സർക്കാരിന്‍റെ ഇടപെൽ ഫലപ്രദമല്ലാത്തതിനാലാണ് കേന്ദ്രം ഇടപെടുന്നത്. കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻഐഎക്ക് കൈമാറാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സംഘർഷം രൂക്ഷമായ ഇംഫാലിലേക്കും ജിരിബാമിലേക്കും നേരത്തേ കേന്ദ്ര സേനയെ അയച്ചിരുന്നു.