Manish Sisodia granted bail by Supreme Court
മനീഷ് സിസോദിയ

മനീഷ് സിസോദിയക്ക് ജാമ്യം

വിചാരണ പൂർത്തിയാകാത്തതിന്‍റെ പേരിൽ മാത്രം ഒരു പ്രതിയെ അനിശ്ചിതമായി ജയിലിൽ പാർപ്പിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി
Published on

ന്യൂഡൽഹി: എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മദ്യ നയ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് സിസോദിയ 17 മാസമായി ജയിലിൽ കഴിയുന്നത്.

പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇഡിയും സിബിഐയും ആവശ്യപ്പെട്ട മറ്റ് ഉപാധികൾ കോടതി അംഗീകരിച്ചില്ല.

ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ വൈകിക്കാൻ സിസോദിയ ശ്രമിച്ചു എന്ന ഇഡിയുടെയും സിബിഐയുടെയും ആരോപണം കോടതി നിഷേധിക്കുകയും ചെയ്തു.

മൗലികാവകാശങ്ങളുടെ ലംഘനമെന്ന് കോടതി

വിചാരണ പൂർത്തിയാകാത്തതിന്‍റെ പേരിൽ മാത്രം ഒരു പ്രതിയെ അനിശ്ചിതമായി ജയിലിൽ പാർപ്പിക്കുന്നത് അടിസ്ഥാന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2023 ഫെബ്രുവരിയിലാണ് മദ്യ നയ കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത മാസം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.