സമഗ്ര ആരോഗ്യ സംവിധാനത്തിന് അടിത്തറയൊരുങ്ങുന്നു

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ എഴുതുന്നു
മൻസുഖ് മാണ്ഡവ്യ
മൻസുഖ് മാണ്ഡവ്യ
Updated on

മൻസുഖ് മാണ്ഡവ്യ

(കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി)

ന്യൂഡൽഹിയിൽ ജി20 രാഷ്‌ട്രത്തലവന്മാരുടെ 18-ാം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സാർവത്രിക ആരോഗ്യ സംവിധാനം സൃഷ്ടിക്കാൻ ആഗോള ദക്ഷിണ, ഉത്തര മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ അടിത്തറ നാം പാകിയിരിക്കുന്നു. ഗാന്ധിനഗറിൽ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി "നമുക്ക് നമ്മുടെ നൂതനാശയങ്ങൾ പൊതുനന്മയ്ക്കായി പങ്കിടാം, ഒരേ ആവശ്യത്തിന് വേണ്ടി വരുന്ന സാമ്പത്തിക ചെലവിന്‍റെ ഇരട്ടിപ്പ് നമുക്ക് ഒഴിവാക്കാം. സാങ്കേതികവിദ്യയുടെ തുല്യമായ ലഭ്യത നമുക്ക് സുഗമമാക്കാം' എന്ന് അഭിപ്രായപ്പെട്ടു.

മഹാമാരിയുടെ സമയത്തും തുടർന്നും നാം നേടിയെടുത്ത കൂട്ടായ അറിവിനെ ആസ്പദമാക്കി പ്രവർത്തിക്കുന്നതിൽ അന്താരാഷ്‌ട്ര തലത്തിലെ ശക്തരായ അംഗങ്ങൾ ഒരുപാട് മുന്നോട്ട് പോയി എന്നത് സന്തോഷകരമായ വസ്തുതയാണ്. മനുഷ്യരാശിയുടെ ആരോഗ്യം വിട്ടുവീഴ്ചയില്ലാതെ നിലനിൽക്കുമ്പോൾ മാത്രമേ യഥാർഥ സ്വാതന്ത്ര്യം ആരംഭിക്കൂ. ഒരു വൈറസ് നാശം വിതയ്ക്കാൻ തുടങ്ങുകയും അതിനോട് പ്രതികരിക്കാൻ നാം തയാറാകാതിരിക്കുകയും ചെയ്താൽ, സമൂഹത്തിന് ഒരു സാമ്പത്തിക ക്ഷേമവും ആസ്വദിക്കാനാവില്ല. ഇന്ത്യയുടെ ജി 20 അധ്യക്ഷതയ്ക്ക് കീഴിൽ, ആരോഗ്യ മുൻഗണനകളെക്കുറിച്ചുള്ള നിർണായക ആലോചനകൾ ആസൂത്രണം ചെയ്തിരിക്കുന്നതിന്‍റെ അടിസ്ഥാനം ഇതാണ്.

മന്ത്രിമാരും മുതിർന്ന നയ നിർമാതാക്കളും ബഹുമുഖ ഏജൻസികളും ഇന്ത്യയുടെ ജി 20 ആരോഗ്യ മുൻഗണനകളെ അസന്ദിഗ്ധമായി പിന്തുണച്ചിട്ടുണ്ട്. താങ്ങാനാവുന്ന ചെലവിൽ, എല്ലാവർക്കും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച സങ്കീർണതകൾ ഇന്ത്യ ഉയർത്തിക്കാട്ടുന്നു.

ആരോഗ്യത്തെക്കുറിച്ചുള്ള ഒരു ആഗോള ഡിജിറ്റൽ സംരംഭം ആരംഭിക്കുന്നത്, മറ്റ് രാജ്യങ്ങൾക്ക് അവരുടെ പ്രത്യേക സന്ദർഭവുമായി പൊരുത്തപ്പെടുന്ന ആരോഗ്യ പരിഹാരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സഹായിക്കും. കാലാവസ്ഥയും ആരോഗ്യവും പരസ്പരം എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണ വികസിപ്പിച്ചെടുക്കുന്നതും ശുഭകരമാണ്. നമ്മുടെ ഭൂതകാലത്തിന്‍റെ ജ്ഞാനത്തിൽ നിന്ന് നമ്മുടെ ഭാവിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പരമ്പരാഗത ഔഷധങ്ങൾ പ്രയോജനപ്പെടുത്താനും കഴിയും.

ഒരു മെഡിക്കൽ പ്രതിരോധ പ്ലാറ്റ്ഫോം ആവശ്യമാണ്

ലോകമെമ്പാടുമുള്ള കൊവിഡ്19 വാക്സിനേഷനും രോഗ നിർണയ രീതികളും നമ്മുടെ രൂഢമൂലമായ അസമത്വങ്ങൾ വെളിപ്പെടുത്തി. അത് നമ്മൾ മറികടക്കണം. പരസ്പരബന്ധിതമായ ലോകത്ത്, രോഗകാരികളിൽ നിന്ന് ഒരു രാജ്യത്തിനുള്ള ഭീഷണി ലോകത്തിനുള്ള ഭീഷണി തന്നെയാണ്. വാക്സിനുകൾ, രോഗ പരിശോധനകൾ, മരുന്നുകൾ, മറ്റ് പരിഹാരങ്ങൾ എന്നിവ എല്ലാ രാജ്യങ്ങൾക്കും തുല്യവും സമയബന്ധിതവുമായ ലഭ്യമാക്കാൻ കഴിയുന്ന തത്വങ്ങളും ആഗോള സംവിധാനവും നാം അംഗീകരിക്കണം.

അത്തരമൊരു ആഗോള സംവിധാനം എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണം. ഈ സംവിധാനം കാര്യക്ഷമമാകണം. ഊർജസ്വലവും മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതും ആകണം. സംവിധാനത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കണം. അത് വേഗത്തിൽ താങ്ങാനാവുന്ന ചെലവിൽ ആരോഗ്യപരിഹാരങ്ങൾ ലഭ്യമാക്കണം. അടുത്ത ആരോഗ്യ അടിയന്തരാവസ്ഥ സംജാതമാകുകയാണെങ്കിൽ കാലതാമസമില്ലാതെ അത്തരമൊരു പ്ലാറ്റ്ഫോം നടപ്പിലാക്കുന്നതിനുള്ള ഒരു ഇടക്കാല സംവിധാനം നിർമ്മിക്കുന്നതിന് താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ മതിയായ പ്രാതിനിധ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കൂടിയാലോചന നടത്താൻ ജി 20 യിലൂടെ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

വികസ്വര രാജ്യങ്ങളിലെ വാക്‌സിനുകൾ, ചികിത്സാ, രോഗനിർണയ ഉത്പന്നങ്ങൾ എന്നിവയുടെ പ്രാദേശിക ഉത്പാദന ശേഷി വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത G-20 രാജ്യങ്ങൾ പ്രത്യേകം എടുത്തു പറയുന്നു. അതോടൊപ്പം ആരോഗ്യ-അടിയന്തരാവസ്ഥകളിലെ വിപണി പരാജയങ്ങൾ മുൻ‌കൂട്ടി ഒഴിവാക്കാനും ഇതിലൂടെ കഴിയും.

ഡിജിറ്റൽ ആരോഗ്യത്തിൽ ആഗോള സംരംഭം

സാർവത്രിക ആരോഗ്യ സംരക്ഷണം കൈവരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ത്വരകങ്ങളിൽ ഒന്നായി ഡിജിറ്റൽ ആരോഗ്യം ഉയർന്നുവന്നിട്ടുണ്ട്. കൊവിഡ്-19 കാലത്ത് പൊതുജനാരോഗ്യത്തിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിവർത്തന സാധ്യതകൾ ഇന്ത്യയിൽ നമ്മൾ അനുഭവിച്ചറിഞ്ഞു. ഡിജിറ്റൽ പൊതു ആരോഗ്യ സംവിധാനങ്ങളായി വിഭാവനം ചെയ്ത കൊ-വിൻ, ഇ-സഞ്ജീവനി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വാക്‌സിനുകളുടെ രീതിയെ പൂർണമായും ജനാധിപത്യവത്കരിക്കുന്ന നിർണായക മാറ്റമാണെന്ന് തെളിയിച്ചു. ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾ ഉൾപ്പെടെ നൂറ് കോടിയിലധികം ആളുകൾക്ക് ആരോഗ്യ സംരക്ഷണ സേവനങ്ങൾ എത്തിച്ചു. ഇന്ത്യ ഇതിനകം ഒരു ദേശീയ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ - ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എബിഡിഎം) സൃഷ്ടിച്ചിട്ടുണ്ട്.

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ ഉൾപ്പെടെ 120ലധികം രാജ്യങ്ങൾ അവരുടെ ദേശീയ ഡിജിറ്റൽ ആരോഗ്യ നയങ്ങളോ തന്ത്രങ്ങളോ വികസിപ്പിച്ചെടുത്തത്, ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങളോടുള്ള ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ താത്പര്യത്തെ സൂചിപ്പിക്കുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ, ഡിജിറ്റൽ ആരോഗ്യ സംരംഭങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ കൈമാറാൻ രാജ്യങ്ങൾക്ക് പൊതുവായ ഒരു വേദിയോ ഭാഷയോ ഉണ്ടായിരുന്നില്ല. ഇത്തരം പരസ്പരബന്ധിതമല്ലാത്ത സംവിധാനങ്ങളിൽ പ്രവർത്തിക്കുക എന്നതിനർഥം ഓരോന്നിനും ചുറ്റും സമാന ഉത്പ്പന്നങ്ങളുടെ തനിപ്പകർപ്പുകൾ ഉണ്ടെന്നാണ്. ഇന്ത്യയുടെ ജി -20 അധ്യക്ഷതയ്ക്ക് കീഴിൽ ഓഗസ്റ്റ് 19-ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഡിജിറ്റൽ ആരോഗ്യം എന്ന ആഗോള സംരംഭം ആരംഭിച്ചതിന് ശേഷം ഇതിൽ മാറ്റം ഉണ്ടാകാൻ പോകുന്നു. ഈ സംരംഭത്തിന് ജി-20 രാജ്യങ്ങൾ നൽകിയ ഏകകണ്ഠമായ പിന്തുണ, രാജ്യങ്ങൾ തമ്മിലുള്ള ഡിജിറ്റൽ അന്തരം ഇല്ലാതാക്കാനും വിഘടിച്ച ഡിജിറ്റൽ ആരോഗ്യമേഖലയിൽ നിന്ന് സംയോജിത ആഗോള ഡിജിറ്റൽ ആരോഗ്യ വ്യവസ്ഥയിലേക്കുള്ള ലോകത്തിന്‍റെ മാറ്റം ഉറപ്പാക്കുന്നതിനുമുള്ള തെളിവാണ്.

ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഇത് രാജ്യങ്ങളെ പിന്തുണയ്ക്കുന്നു. എല്ലാവർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്ന ദൈർഘ്യമേറിയ പാത എളുപ്പമാക്കുന്നതിന് ഒരു രാജ്യം സ്വീകരിക്കുന്ന മാർഗങ്ങളിൽ നിന്ന് മറ്റ് രാജ്യങ്ങൾക്ക് പഠിക്കാം എന്നുള്ളതാണ് ഈ സംവിധാനത്തിന്‍റെ മറ്റൊരു സവിശേഷത.

കാലാവസ്ഥയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകുക

കാലാവസ്ഥാ ബോധം എല്ലാ മേഖലകളിലേക്കും കടന്നുകയറുന്നുണ്ടെങ്കിലും, മനുഷ്യന്‍റെയും സസ്യ ജന്തുജാലങ്ങളുടെയും ആരോഗ്യം ഉൾക്കൊള്ളുന്ന ഒരു-ആരോഗ്യ സംവിധാനത്തിൽ ഉടനീളം, കാലാവസ്ഥ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്‍റെ സങ്കീർണ്ണമായ ബന്ധം ഇതുവരെ പൂർണമായി അനാവരണം ചെയ്യപ്പെട്ടിട്ടില്ല. ജി-20 ലൂടെ ഈ അദൃശ്യ കണ്ണികൾ അനാവരണം ചെയ്യേണ്ടതിന്‍റെ ആവശ്യകത ഇന്ത്യയുടെ അധ്യക്ഷതയ്ക്ക് കീഴിൽ ആദ്യമായി അംഗീകരിച്ചു. അതുവഴി നമുക്ക് പരിഹാരങ്ങൾക്ക് മുൻഗണന നൽകാം. ജി-20 രാജ്യങ്ങൾ കുറഞ്ഞ കാർബൺ ബഹിർഗമനത്തിനും ഉയർന്ന ഗുണമേന്മയുള്ള സുസ്ഥിരവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ ആരോഗ്യ സംവിധാനങ്ങൾക്കും മുൻഗണന നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണ്. നെറ്റ് സിറോ കാർബൺ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എല്ലാ മേഖലകളും തങ്ങളാൽ കഴിയുന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഒരു സമയത്ത് നമ്മുടെ ആരോഗ്യമേഖല ഈ രംഗത്ത് പിന്നോക്കമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ഏക-ആരോഗ്യ സമീപനത്തിലൂടെ സൂക്ഷ്മജീവി പ്രതിരോധം - ആന്‍റി-മൈക്രോബിയൽ റെസിസ്റ്റൻസ് കൈകാര്യം ചെയ്യുമെന്ന് ജി 20 രാജ്യങ്ങൾ, നയരേഖയിലൂടെ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പരമ്പരാഗത വൈദ്യശാസ്ത്രത്തിന്‍റെ പങ്ക്

പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവയുടെ പ്രയോജനങ്ങൾ മനുഷ്യരാശിക്ക് നൽകുകയും ചെയ്യേണ്ടത് ജി 20 പോലുള്ള ആഗോള സംവിധാനത്തിലൂടെ ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ കരുതുന്നു. കഴിഞ്ഞ വർഷം, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിനുള്ള ആഗോള കേന്ദ്രം ഉദ്ഘാടനം ചെയ്യുകയും ലോകത്തിന് നമ്മുടെ പുരാതന ആരോഗ്യ ജ്ഞാനത്തിന്‍റെ വാതിലുകൾ തുറന്നു നൽകുകയും ചെയ്തു. ആരോഗ്യരംഗത്ത് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗതവും പരസ്പര പൂരകവുമായ നമ്മുടെ വൈദ്യശാസ്ത്രത്തിന്‍റെ സാധ്യത തിരിച്ചറിഞ്ഞുകൊണ്ട് ജി-20-ൽ ആ പൈതൃകം മുന്നോട്ട് കൊണ്ടുപോകുകയാണ്.

Trending

No stories found.

Latest News

No stories found.