മമതയുടെ രാജി ആവശ്യപ്പെട്ട് കോൽക്കത്തയിൽ വന്‍ സംഘർ‌ഷം; ബുധനാഴ്ച 12 മണിക്കൂർ ബന്ദ്

രക്ഷാസേനയ്ക്കു നേരേ കല്ലും ഇഷ്ടികയും എറിഞ്ഞ പ്രതിഷേധക്കാരെ പൊലീസ് ലാത്തിയും ജലപീരങ്കിയും ഉപയോഗിച്ചു നേരിട്ടു.
massive protest in kolkata
മമതയുടെ രാജി ആവശ്യപ്പെട്ട് കോൽക്കത്തയിൽ വന്‍ സംഘർ‌ഷം; ബുധനാഴ്ച 12 മണിക്കൂർ ബന്ദ്
Updated on

കോൽക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ വനിതാ ഡോക്റ്ററെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ മുഖ്യമന്ത്രി മമത ബാനർജി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. കോൽക്കത്തയിലും സമീപപ്രദേശങ്ങളിലും പൊലീസും വിദ്യാർഥികളുമായി ഏറ്റുമുട്ടി. നിരവധി പേർക്കു പരുക്കേറ്റു. സംഘർഷത്തെത്തുടർന്ന് ബിജെപി സംസ്ഥാനത്ത് ബുധനാഴ്ച 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു.

സ്വതന്ത്ര വിദ്യാർഥി സംഘടനയായ പശ്ചം ബംഗ ഛാത്ര സമാജ് നടത്തിയ മാർച്ചാണ് കല്ലേറിലും ലാത്തിച്ചാർജിലും കലാശിച്ചത്. സംസ്ഥാന ജീവനക്കാർക്ക് കേന്ദ്ര നിരക്കിൽ ഡിഎ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്യുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടന സംഗ്രാമി ജൗഥ മഞ്ചയുമായി ചേർന്നായിരുന്നു ഇവരുടെ പ്രതിഷേധം. പ്രക്ഷോഭകരെ തടയാൻ പൊലീസ് ബാരിക്കേഡുകൾ ഉയർത്തിയിരുന്നു. ഇതു മറികടക്കാനുള്ള ശ്രമമാണ് ലാത്തിച്ചാർജിന് ഇടയാക്കിയത്. എംജി റോഡ്, ഹേസ്റ്റിങ്സ് റോഡ്, സാന്താഗച്ചി, ഹൗറ മൈതാൻ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. രക്ഷാസേനയ്ക്കു നേരേ കല്ലും ഇഷ്ടികയും എറിഞ്ഞ പ്രതിഷേധക്കാരെ പൊലീസ് ലാത്തിയും ജലപീരങ്കിയും ഉപയോഗിച്ചു നേരിട്ടു.

എന്നാൽ, തങ്ങൾ ആരെയും ആക്രമിച്ചില്ലെന്ന് പ്രക്ഷോഭത്തിൽ പങ്കെടുത്ത വനിത പറഞ്ഞു. സ്ത്രീ സുരക്ഷയിൽ ഗുരുതരമായ വീഴ്ചയുണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നതാണ് ആവശ്യമെന്നും അവർ.

Trending

No stories found.

Latest News

No stories found.