ആദ്യ ബജറ്റുമായി മൂന്നാം മോദി സർക്കാർ

നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിലെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ച മുതൽ, സാമ്പത്തിക സർവെ റിപ്പോർട്ട് പാർലമെന്‍റിൽ വയ്ക്കും
Prime Minister Narendra Modi, Finance Minister Nirmala Sitharaman
പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിലെ ആദ്യ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ചൊവ്വാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുക. മഹാരാഷ്‌ട്ര, ഹരിയാന, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ ഇടത്തരക്കാരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നു കരുതുന്നു.

തിങ്കളാഴ്ച തന്നെ സാമ്പത്തിക സർവെ റിപ്പോർട്ട് ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ അവതരിപ്പിക്കും. ഓഗസ്റ്റ് 12 വരെ 19 ദിവസമാണു സഭ സമ്മേളിക്കുക. ആറു സുപ്രധാന ബില്ലുകളും ഈ സമ്മേളനം പരിഗണിക്കും.

സമ്മേളനത്തിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു നൽകണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. നീറ്റ് ഉൾപ്പെടെ പരീക്ഷകളുടെ ചോദ്യം ചോർന്നതു സഭയിൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.

44 പാർട്ടികളിൽ നിന്നായി 55 നേതാക്കളാണു യോഗത്തിൽ പങ്കെടുത്തത്. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം പ്രക്ഷുബ്ധമായിരുന്നെന്നും ബജറ്റ് സമ്മേളനം ക്രിയാത്മകമായി നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്നും പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു അഭ്യർഥിച്ചു. കഴിഞ്ഞ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയ രാജ്നാഥ് സിങ് ഇത്തരം സംഭവങ്ങൾ സഭയുടെ അന്തസിനു ചേർന്നതല്ലെന്നും സഹകരിക്കണമെന്നും പ്രതിപക്ഷത്തോട് അഭ്യർഥിച്ചു.

കൻവാർ യാത്രാ വഴികളിലെ കടകൾക്കു മുന്നിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിൽ എസ്പി എതിർപ്പ് അറിയിച്ചു. ആന്ധ്രപ്രദേശിലെ ടിഡിപി സർക്കാർ തങ്ങളുടെ നേതാക്കൾക്കെതിരേ കേസെടുക്കുന്നുവെന്നും ഇതു തടയാൻ കേന്ദ്രം ഇടപെടണമെന്നുമായിരുന്നു വൈഎസ്ആർ കോൺഗ്രസിന്‍റെ ആവശ്യം.

ബിഹാറിന് പ്രത്യേക പദവി നൽകണമെന്നു ജെഡിയു ആവശ്യപ്പെട്ടു. ചരിത്രനിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ച പാർലമെന്‍റിന്‍റെ സെൻട്രൽ ഹാൾ എംപിമാർക്കായി തുറന്നുകൊടുക്കണമെന്നതായിരുന്നു പൊതുവായി ഉയർന്ന ആവശ്യമെന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേഷ്.

Trending

No stories found.

Latest News

No stories found.