പറ്റ്ന: ഡോ. ബി.ആർ. അംബെദ്കർ ഉറച്ച് നിലപാട് സ്വീകരിച്ചില്ലായിരുന്നു എങ്കിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ജാതി സംവരണ നിർദേശം നിരാകരിക്കുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ മോത്തിഹാരിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് പരാമർശം.
നെഹ്റുവിനു ശേഷം ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം സംവരണ വിരുദ്ധ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും, പട്ടിക വിഭാഗക്കാർക്കും പിന്നാക്ക വിഭാഗക്കാർക്കും കോൺഗ്രസ് പ്രധാനമന്ത്രിമാർ ബഹുമാനം നൽകിയിട്ടില്ലെന്നും മോദി ആരോപിച്ചു.
ബിജെപി വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നാൽ ഭരണഘടന ഭേദഗതി ചെയ്ത് സംവരണം ഇല്ലാതാക്കും എന്ന വ്യാജ പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നതെന്നും പ്രധാനമന്ത്രി. എൻഡിഎയ്ക്കു മാത്രമാണ് പട്ടിക വിഭാഗങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കുക എന്നും അദ്ദേഹം അവകാശപ്പെട്ടു.