ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര പര്യടനത്തിന് ഇന്നു തുടക്കം. ഇന്നും നാളെയും ഫ്രാൻസിലും 15ന് യുനൈറ്റഡ് അറബ് എമിറേറ്റ്സിലുമാണു (യുഎഇ) സന്ദർശനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണു പ്രധാനമന്ത്രിയുടെ ഫ്രഞ്ച് സന്ദർശനം. 14നു നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ പ്രധാനമന്ത്രി വിശിഷ്ടാതിഥിയാകും. ഇന്ത്യൻ സായുധ സേനാ സംഘവും പരേഡിൽ പങ്കെടുക്കും.
പ്രസിഡന്റ് മാക്രോണുമായി പ്രധാനമന്ത്രി ഔപചാരിക ചർച്ച നടത്തും. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി പ്രസിഡന്റ് മാക്രോൺ ഔദ്യോഗിക വിരുന്നും സ്വകാര്യ അത്താഴവിരുന്നും സംഘടിപ്പിക്കും. ഫ്രാൻസിൽ നിന്ന് ഇന്ത്യ 26 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നതു സംബന്ധിച്ച് മോദിയും മാക്രോണുമായുള്ള ചർച്ചയിൽ ധാരണയായേക്കും. മുംബൈ മസഗോൺ ഡോക്കിൽ ഫ്രഞ്ച് സഹകരണത്തോടെ മൂന്നു സ്കോർപ്പീൻ ക്ലാസ് അന്തർവാഹിനി നിർമിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.
ഫ്രാൻസ് പ്രധാനമന്ത്രിയുമായും ഫ്രാൻസിലെ സെനറ്റ്- ദേശീയ അസംബ്ലി പ്രസിഡന്റുമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഫ്രാൻസിലെ ഇന്ത്യൻ പ്രവാസികൾ, ഇന്ത്യൻ- ഫ്രഞ്ച് കമ്പനികളുടെ സിഇഒമാർ, ഫ്രാൻസിലെ പ്രമുഖ വ്യക്തികൾ എന്നിവരുമായി അദ്ദേഹം പ്രത്യേകം ആശയവിനിമയം നടത്തും.
ഇന്ത്യ - ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25ാം വാർഷികം അടയാളപ്പെടുത്തുന്ന വർഷമാണിത്. പ്രധാനമന്ത്രിയുടെ സന്ദർശനം തന്ത്രപരവും സാംസ്കാരികവും ശാസ്ത്രപരവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ സഹകരണം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ഭാവിയിലേക്കുള്ള പങ്കാളിത്തത്തിന്റെ ഗതി രൂപപ്പെടുത്താൻ അവസരമൊരുക്കും.
15ന് പ്രധാനമന്ത്രി അബുദാബി സന്ദർശിക്കും. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഫിൻടെക്, പ്രതിരോധം, സംസ്കാരം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം മുന്നോട്ടു കൊണ്ടുപോകാനുള്ള വഴികൾ തിരിച്ചറിയാനുള്ള അവസരമായി പ്രധാനമന്ത്രിയുടെ സന്ദർശനം മാറുമെന്നാണു പ്രതീക്ഷ. യുഎൻഎഫ്സിസി സിഒപി -28 ഉച്ചകോടിയുടെയും യുഎഇ പ്രത്യേക ക്ഷണിതാവാകുന്ന ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെയും പശ്ചാത്തലത്തിൽ ഈ സന്ദർശനം ഏറെ പ്രധാനപ്പെട്ടതാണ്.