റിയോ ഡി ഷാനെറോ: ജി20 ഉച്ചകോടിക്കായി ബ്രസീലിലെ റിയോ ഡി ഷാനെറോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുൾപ്പെടെ ലോകനേതാക്കളുമായി ചർച്ച നടത്തി. ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്‍റുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ "എപ്പോഴും സന്തോഷം നൽകുന്നു' എന്ന കുറിപ്പോടെ പ്രധാനമന്ത്രി പങ്കുവച്ചു.
റിയോയിലെ മോഡേൺ ആർട്ട് മ്യൂസിയത്തിൽ ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവ ലോകനേതാക്കളെ സ്വീകരിച്ചു. നേരത്തേ, റിയോയിലെത്തിയ മോദിയെ ബ്രസീലിലെ ഇന്ത്യൻ സമൂഹം സംസ്കൃത ശ്ലോകങ്ങൾ ചൊല്ലിയാണു വരവേറ്റത്.
നൈജീരിയയിൽ നിന്നാണു മോദി ബ്രസീലിലെത്തിയത്. അബുജയിൽ നൈജീരിയൻ പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം കരുത്തുറ്റതാക്കാനുള്ള നടപടികൾ ചർച്ച ചെയ്തു.
നൈജീരിയയുടെ പരമോന്നത പുരസ്കാരം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ടിനുബുവിന് ഇന്ത്യയുടെ സമ്മാനമായി കോൽഹാപ്പുരിന്‍റെ പൈതൃകം പേറുന്ന വെള്ളിയിൽ തീർത്ത സിലോഫർ പഞ്ചാമൃത കലശം സമ്മാനമായി നൽകി. ബ്രസീലിൽ നിന്ന് ഗയാനയിലേക്കാണു മോദിയുടെ യാത്ര. 21ന് ഇന്ത്യയിലേക്കു മടങ്ങും.