സമാധാനത്തിനു കൈകോർക്കും; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ നിർണായക നീക്കം

പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്‍റും ചർച്ച നടത്തുന്നത് അഞ്ചു വർഷത്തിനുശേഷം
Modi-Xi meeting on sidelines of BRICS Summit
സമാധാനത്തിനു കൈകോർക്കും; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ നിർണായക നീക്കം
Updated on

കസാൻ: പക്വതയും പരസ്പര ബഹുമാനവും പ്രകടിപ്പിക്കുന്നതിലൂടെ സമാധാനപരവും സുസ്ഥിരവുമായ ബന്ധം പുലർത്താമെന്ന് ഇന്ത്യ, ചൈന ധാരണ. അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയിലാണ് കിഴക്കൻ ലഡാഖിലെ അതിർത്തി പ്രശ്നത്തിലുണ്ടായ സമവായം അംഗീകരിച്ച് മുന്നോട്ടുപോകാൻ തീരുമാനം. ഭിന്നതകളും തർക്കങ്ങളും ശരിയായി കൈകാര്യം ചെയ്യണമെന്നും ശാന്തിയും സമാധാനവും തകർക്കുന്നതിലേക്ക് എത്തിക്കരുതെന്നും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

ഭിന്നതകളും വിയോജിപ്പുകളും ശരിയായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നു ഷിയും പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് മാതൃകയാകുന്ന തരത്തിൽ അന്താരാഷ്‌ട്ര രംഗത്തുള്ള ഉത്തരവാദിത്വം ഇരുരാജ്യങ്ങളും പുലർത്തേണ്ടതുണ്ടെന്നും ഷി പ്രതികരിച്ചു. ഇരു ജനതകളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെക്കുറിച്ചും ചൈനീസ് പ്രസിഡന്‍റ് ഓർമിപ്പിച്ചു.

യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) കിഴക്കൻ ലഡാഖിലെ സംഘർഷ കേന്ദ്രങ്ങളിൽ പട്രോളിങ് പുനരാരംഭിക്കാനും സൈനിക പിന്മാറ്റത്തിനും ഇരുരാദ്യങ്ങളും തീരുമാനിച്ചതിനു പിന്നാലെയായിരുന്നു റഷ്യയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ രാഷ്‌ട്രനേതാക്കളുടെ സുപ്രധാന കൂടിക്കാഴ്ച. 2019ൽ തമിഴ്നാട്ടിലെ മഹാബലിപുരത്തു നടന്ന ഉച്ചകോടിക്കുശേഷം മോദിയും ഷിയും കൂടിക്കാഴ്ച നടത്തിയിരുന്നില്ല. 2020ലെ ഗാൽവൻ താഴ്‌വര ഏറ്റുമുട്ടലിൽ ഉഭയകക്ഷി ബന്ധം വഷളായതിനെത്തുടർന്ന് ഇരുവരും നേരിട്ടുള്ള ചർച്ചകൾ ഒഴിവാക്കിയിരുന്നു.

പരസ്പരമുള്ള വിശ്വാസവും സംവേദനക്ഷമതയും ബഹുമാനവുമാണ് ഉഭയകക്ഷി ബന്ധത്തെ നയിക്കുന്നതെന്നു മോദി ചൂണ്ടിക്കാട്ടി. ഉഭയകക്ഷി പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള പ്രത്യേക പ്രതിനിധികളുടെ യോഗം ഏറ്റവും വേഗം ചേരണമെന്നും ഇതിനായി ദിവസം തീരുമാനിക്കണമെന്നും ഇരുനേതാക്കളും നിർദേശിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.

പാക്കിസ്ഥാന് മോദിയുടെ ചെക്ക്; ചൈനയ്ക്ക് "കൊട്ട്'

ബ്രിക്സ് അംഗത്വത്തിനുള്ള പാക്കിസ്ഥാന്‍റെ ശ്രമത്തെ പ്രതിരോധിച്ചും ചൈന- പാക് കൂട്ടുകെട്ടിനെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയുടെ സമാപന സമ്മേളനത്തിലാണ് ഇരു രാജ്യങ്ങളുടെയും നിലപാടുകളിൽ ഇന്ത്യയുടെ ശക്തമായ എതിർപ്പ് മോദി അറിയിച്ചത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നാരംഭിച്ച കൂട്ടായ്മയിലേക്ക് 2011ൽ ദക്ഷിണാഫ്രിക്കയെ ഉൾപ്പെടുത്തിയിരുന്നു. ഈ വർഷം എത്യോപ്യ, യുഎഇ, ഇറാൻ, ഈജിപ്റ്റ് എന്നിവയ്ക്കും അംഗത്വം നൽകി.

പാക്കിസ്ഥാനും ശ്രീലങ്കയും കൊളംബിയയും തുർക്കിയുമുൾപ്പെടെ മുപ്പതോളം രാജ്യങ്ങൾ പുതുതായി ബ്രിക്സ് അംഗത്വത്തിന് ആഗ്രഹമറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ ഉൾപ്പെടുത്തുന്നതിൽ ചൈനയ്ക്കും റഷ്യയ്ക്കും താത്പര്യവുമുണ്ട്. എന്നാൽ, കൂട്ടായ്മയുടെ വിപുലീകരണമുൾപ്പെടെ എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെയായിരിക്കണമെന്നു മോദി ഓർമിപ്പിച്ചു. ഇന്ത്യയുടെ അനുമതിയില്ലാതെ പാക്കിസ്ഥാന് അംഗത്വം ലഭിക്കില്ല.

സ്ഥാപകാംഗങ്ങളുടെ കാഴ്ചപ്പാടുകൾ ബഹുമാനിക്കപ്പെടണമെന്നും മോദി. ഭീകരതയെയും ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകുന്നവരെയും നേരിടാൻ ശക്തമായ സഹകരണം വേണമെന്നും മോദി വ്യക്തമാക്കി.

26/11 മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ തൊയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎൻ നീക്കം കഴിഞ്ഞ വർഷം ജൂണിൽ ചൈന തടഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചാണ് ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി മോദിയുടെ നീക്കം.

Trending

No stories found.

Latest News

No stories found.