ന്യൂഡൽഹി: അത്യാഡംബര പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യയിൽ ഇതു വരെ ഒരു വ്യക്തിയും സ്വന്തമാക്കിയിട്ടില്ലാത്ത 1000 കോടി രൂപ വില മതിക്കുന്ന ബോയിങ് 737 മാക്സ് 9 വിമാനമാണ് അംബാനി നേടിയത്. 9 ജെറ്റ് വിമാനങ്ങൾക്കു പുറമേയാണ് പുതിയൊരു ജെറ്റ് കൂടി അംബാനി വാങ്ങിയത്.
അംബാനിയുടെ പ്രത്യേക നിർദേശങ്ങൾ പ്രകാരം അനവധി മോടി പിടിപ്പിക്കലും പരീക്ഷണ പറക്കലും നടത്തിയ ശേഷമാണ് വിമാനം ഇന്ത്യയിലേക്കെത്തിച്ചത്.
സ്വിറ്റ്സർലണ്ടിൽ നിന്ന് ബാസൽ, ജനീവ, ലണ്ടൻ, ലുട്ടൻ വിമാനത്താവളത്തിലേക്കാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ബാസലിൽ നിന്നാണ് വിമാനം ഡൽഹിയിലെത്തിയത്. 9 മണിക്കൂർ കൊണ്ട് 6234 കിലോമീറ്റർ ദൂരമാണ് വിമാനം സഞ്ചരിച്ചത്. 118.5 മില്യൺ ഡോളറാണ് വിമാനത്തിന്‍റെ അടിസ്ഥാന വില. മോടി പിടിപ്പിക്കൽ അടക്കം വില 1000 കോടിയിൽ എത്തും. വലിയ ക്യാബിൻ, വലിയ ലഗേജ് സ്പേസ് എന്നിവ വിമാനത്തിനുണ്ട്.