നീറ്റ്: ചോർച്ചയുടെ വ്യാപ്തി പരിശോധിച്ചശേഷം പുനഃപരീക്ഷ

നീറ്റിന്‍റെ പവിത്രത നഷ്ടമായെന്നു സുപ്രീം കോടതി
NEET: Retest after checking the extent of leakage
നീറ്റ്: ചോർച്ചയുടെ വ്യാപ്തി പരിശോധിച്ചശേഷം പുനഃപരീക്ഷ
Updated on

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യച്ചോർച്ചയുടെ വ്യാപ്തി പരിശോധിച്ചശേഷം പുനഃപരീക്ഷയിൽ തീരുമാനമെന്നു സുപ്രീം കോടതി. പരീക്ഷയുടെ പവിത്രത നഷ്ടമായെന്നു പറഞ്ഞ കോടതി ചോദ്യച്ചോർച്ചയുടെ സമയം, സ്വഭാവം തുടങ്ങി വിശദാംശങ്ങൾ നൽകാൻ നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും (എൻടിഎ) സിബിഐക്കും നിർദേശം നൽകി. ഹർജികൾ 11ന് വീണ്ടും പരിഗണിക്കും.

മേയ് 5നു നടന്ന പരീക്ഷ റദ്ദാക്കണമെന്നും പുനഃപരീക്ഷ നടത്തണമെന്നതുൾപ്പെടെ ആവശ്യങ്ങളുന്നയിക്കുന്ന 30ഓളം ഹർജികൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ച്.

സ്വയം നിഷേധിച്ചതു കൊണ്ട് കാര്യമില്ലെന്നു കോടതി സർക്കാരിനോടു പറഞ്ഞു. നിഷേധം പ്രശ്നം സങ്കീർണമാക്കുകയേയുള്ളൂ. ചോദ്യം ചോർന്നുവെന്നതു വ്യക്തം. പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടുവെന്നതിൽ സംശയമില്ല. ചോദ്യച്ചോർച്ചയുടെ വ്യാപ്തിയെ സംബന്ധിച്ചാണ് ചോദ്യം അവശേഷിക്കുന്നത്. വ്യാപകമായി ചോർന്നോ എന്ന് അറിയണം. ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ ചോദ്യച്ചോർച്ചയ്ക്കു ഗുണഭോക്താക്കളുണ്ടോ, ഏതു സമയത്താണ് ചോദ്യം ചോർന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം വ്യക്തമാകണം. ഏതെങ്കിലും പ്രത്യേക മേഖലയിൽ മാത്രം ചോരുകയും ഏതാനും പേർ മാത്രം ഗുണഭോക്താക്കളാകുകയുമാണുണ്ടാതെങ്കിൽ പരീക്ഷ പൂർണമായി വീണ്ടും നടത്തുന്നത് ഉചിതമല്ല- കോടതി പറഞ്ഞു.

രാജ്യത്തെ 571 നഗരങ്ങളിലും 14 വിദേശ നഗരങ്ങളിലുമായി 4750 കേന്ദ്രങ്ങളിലാണു പരീക്ഷ നടന്നത്. ആകെ 23.33 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി. എൻടിഎ സംവിധാനത്തിന്‍റെ പാളിച്ചയാണോ, മൊത്തം പരീക്ഷാ സംവിധാനത്തിന്‍റെ സംശുദ്ധിയെ ബാധിച്ചോ തുടങ്ങിയ വിഷയങ്ങളും അറിയേണ്ടതുണ്ടെന്നു കോടതി വിശദീകരിച്ചു. മൊത്തം ക്രമക്കേട്, ഒഎംആർ ഷീറ്റ് കൃത്രിമം, ആൾമാറാട്ടം തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ അന്വേഷണത്തിന്‍റെ തിങ്കളാഴ്ച വരെയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോടു കോടതി നിർദേശിച്ചു. ക്രമക്കേടിന്‍റെ ഗുണഭോക്താക്കളെ കണ്ടെത്താൻ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ എൻടിഎയ്ക്കും നിർദേശം നൽകി.

Trending

No stories found.

Latest News

No stories found.