ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം മേയ് അവസാനത്തോടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. മോദി സർക്കാരിന്‍റെ 9-ാം വർഷത്തോടനുബന്ധിച്ചാവും ഉദ്ഘാടനം നിർവ്വഹിക്കുക എന്നാണ് വിലയിരുത്തൽ. 2014 മേയ് 26 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തുന്നത്. 2020 ലാണ് പ്രാധാനമന്ത്രി പുതിയ മന്ദിരത്തിന് തറക്കല്ലിട്ടത്.
970 കോടി രൂപ ചെലവഴിച്ച് നിർമിച്ച നാലു നില കെട്ടിടത്തിൽ 1,224 എംപിമാരെ ഉൾക്കൊള്ളാനാവും. ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ ദ്വാർ എന്നിങ്ങനെ 3 വാതിലുകളാണ് പ്രധാനമായും പുതിയ പാർലമെന്‍റിനുള്ളത്. ഇതിന് പുറമേ എംപിമാർക്കും വിഐപിമാർക്കും സന്ദർശകർക്കും വെവ്വേറെ എൻട്രികളും സജ്ഞമാക്കിയിട്ടുണ്ട്.
മോദി സർക്കാരിന്‍റെ 9-ാം വർഷികവുമായി ബന്ധപ്പെട്ട് എല്ലാ ലോക്സഭാമണ്ഡലങ്ങളിലും ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. ഈ മാസം അവസാനം നടത്തുന്ന പ്രധാനമന്ത്രിയുടെ റാലിയോടെയാണ് സമ്പർക്ക പരിപാടികൾക്ക് തുടക്കം കുറിക്കുക.'മഹാ ജനസമ്പർക്ക അഭിയാൻ' എന്നു പേരിട്ട പരിപാടി ഈ മാസം 30 നു തുടങ്ങി ജൂൺ 30 വരെ നടത്തും.
ഓരോ മണ്ഡലങ്ങളിലെയും കേന്ദ്രമന്ത്രിമാർ മുതൽ പ്രാദേശിക നേതാക്കൾ വരെയുള്ളവർ 250 കുടുംബങ്ങളെ വീതം സന്ദർശിച്ച് കേന്ദ്ര വികസന പ്രവർത്തനങ്ങൾ വിശദീകരിക്കും. വിവിധ സംസ്ഥാനങ്ങളിലായി 51 റാലികൾ നടത്തും. ജൂൺ 23 ന് ശ്യാമപ്രസാദ് മുഖർജിദിനത്തിൽ പ്രധാനമന്ത്രിയുടെ "വെർച്വൽ' റാലിയുമുണ്ട്.