ന്യൂസ് ക്ലിക്ക് കേസ്: പുരകായസ്തയുടെ അറസ്റ്റ് അസാധുവാക്കി

ഉത്തരവിന് കേസിന്‍റെ മെരിറ്റുമായി ബന്ധമില്ലെന്നും സുപ്രീം കോടതി
newsclick founder Prabir Purkayastha arrest under UAPA invalid
newsclick founder Prabir Purkayastha arrest under UAPA invalid
Updated on

ന്യൂഡൽഹി: വിദേശത്തു നിന്നു പണം വാങ്ങി ചൈനാ അനുകൂല പ്രചാരണം നടത്തിയ കേസിൽ ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തത് സുപ്രീം കോടതി അസാധുവാക്കി. റിമാൻഡ് അപേക്ഷ അഭിഭാഷകനും പ്രബീറിനും നൽകിയില്ലെന്നതു ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി നിയമത്തിന്‍റെ കണ്ണിൽ അറസ്റ്റ് അസാധുവെന്നു വ്യക്തമാക്കി. പുരകായസ്തയെ വിട്ടയയ്ക്കണമെന്നും മോചന വ്യവസ്ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കേസിൽ അന്വേഷണം തുടരുന്ന ഡൽഹി പൊലീസിന് തിരിച്ചടിയാണു സുപ്രീം കോടതിയുടെ നടപടി.

കഴിഞ്ഞ ഒക്റ്റോബർ മൂന്നിനാണു പുരകായസ്ത അറസ്റ്റിലായത്. വീണ്ടും അറസ്റ്റ് എന്നതിൽ നിയമപരമായി നടപടി സ്വീകരിക്കാമെന്നു പറഞ്ഞ സുപ്രീം കോടതി ഇപ്പോഴത്തെ ഒരു പരാമർശത്തെയും കേസിന്‍റെ "മെരിറ്റു'മായി ബന്ധപ്പെടുത്തരുതെന്നും ഓർമിപ്പിച്ചു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ വിട്ടയക്കുന്നതിലെ നിബന്ധന വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു.

സുപ്രീം കോടതി ഉത്തരവ് പരിഗണിച്ച ഡൽഹി അഡീഷനൽ സെഷൻസ് കോടതി തെളിവു നശിപ്പിക്കാനോ കേസിനെക്കുറിച്ച് പ്രതികരിക്കാനോ പാടില്ലെന്ന് പുരകായസ്തയുടെ ജാമ്യവ്യവസ്ഥയിൽ വ്യക്തമാക്കി. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും നൽകാനും കോടതി നിർദേശിച്ചു. പുറത്തിറങ്ങിയാലും പുരകായസ്ത കേസിലെ സാക്ഷികളുമായോ മാപ്പുസാക്ഷിയായ അമിത് ചക്രവർത്തിയുമായോ ബന്ധപ്പെടാൻ ശ്രമിക്കരുത്. കോടതി അനുമതിയില്ലാതെ രാജ്യം വിടരുതെന്നും നിർദേശം.

ചൈനയ്ക്ക് അനുകൂല പ്രചാരണം നടത്താൻ വിദേശത്തു നിന്ന് 115 കോടിയോളം രൂപ ന്യൂസ് ക്ലിക്ക് സ്വീകരിച്ചതായാണ് ഇഡിയും ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പറയുന്നു. ചൈനാ അനുകൂലിയായ അമെരിക്കൻ വ്യവസായി നെവില്‍റോയ് സിംഗം 38 കോടിയോളം രൂപ ന്യൂസ് ക്ലിക്കിനു നൽകിയെന്ന് ഒരു രാജ്യാന്തര മാധ്യമം വെളിപ്പെടുത്തിയിരുന്നു. കര്‍ഷകസമരം, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം തുടങ്ങിയവയിൽ കടുത്ത നിലപാട് സ്വീകരിച്ച ന്യൂസ് ക്ലിക്കിന്‍റെ നീക്കം ചൈനീസ് അജൻഡയുടെ ഭാഗമായിരുന്നെന്ന സംശയത്തിലാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയത്. ഫണ്ട് സ്വീകരിച്ചതായി പുരകായസ്തയ്ക്കൊപ്പം അറസ്റ്റിലായ ന്യൂസ് ക്ലിക്ക് എച്ച്ആർ വിഭാഗം മേധാവി അമിത് ചക്രവർത്തി സമ്മതിച്ചിരുന്നു. ആരോപണങ്ങളെല്ലാം ശരിവച്ച ചക്രവർത്തി കേസിലെ മാപ്പുസാക്ഷിയാണ്. വിദേശ ഫണ്ടിൽ നിന്ന് ടീസ്ത സെതല്‍വാദ്, സിപിഎം ഐടി സെല്ലിലെ ബപ്പാദിത്യ സിന്‍ഹ തുടങ്ങിയവര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായും ഇഡി കണ്ടെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.