അനധികൃത ഖനനം: ബിജെപി എംപി ബ്രിജ്ഭൂഷണെതിരേ ഹരിത ട്രൈബ്യൂണൽ അന്വേഷണം

ജസ്റ്റിസ് അരുൺ ത്യാഗിയും, എ സെന്തിൽ വേലും അടങ്ങിയ ബെഞ്ചാണ് ആരോപണങ്ങളിലെ നിജസ്ഥിതി പുറത്തു കൊണ്ടു വരാനും പരിഹാരം കാണാനുമായി സമിതി രൂപീകരിച്ചത്.
 Brij Bhushan Singh
Brij Bhushan Singh
Updated on

ന്യൂഡൽഹി: ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ ചില ഗ്രാമങ്ങളിൽ അനധികൃത ഖനനം നടത്തിയെന്ന് ട്രൈബ്യൂണലിന് പരാതി ലഭിച്ചിരുന്നു.

കൈസർഗഞ്ചിൽനിന്നുള്ള എംപിയായ ബ്രിജ് ഭൂഷൺ ഗോണ്ട ജില്ലയിലെ തർബ്ഗഞ്ച് താലൂക്കിൽ നവാബ് ഗഞ്ച്, ജൈത്പുർ‌, മജ്ഹാരാത് എന്നിവിടങ്ങളിൽ സരയൂ നദിക്ക് ഹാനികരമായ രീതിയിൽ അനധികൃതമായി ഖനനം നടത്തിയെന്നാണ് ആരോപണം. ഖനനം നടത്തിയെടുക്കുന്ന ധാതുക്കൾ ദിവസവും 700ൽ അധികം ട്രക്കുകളിലാക്കി കൊണ്ടു പോകാറുണ്ടെന്നും ഇതു മൂലം പാത്പർ‌ ഗഞ്ച് പാലവും ചേർന്നുള്ള റോഡും താറുമാറായെന്നും പരാതിയിലുണ്ട്.ജുഡീഷ്യൽ അംഗം ജസ്റ്റിസ് അരുൺ ത്യാഗിയും വിദഗ്ധ അംഗം എ സെന്തിൽ വേലും അടങ്ങിയ ബെഞ്ചാണ് ആരോപണങ്ങളിലെ നിജസ്ഥിതി പുറത്തു കൊണ്ടു വരാനും പരിഹാരം കാണാനുമായി സമിതി രൂപീകരിച്ചത്.

പ്രഥമദൃഷ്ട്യേ ആരോപണങ്ങൾ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. വന, കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ ഗംഗ ദേശീയ മിഷൻ, ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ്, ഗോണ്ട ജില്ലാ മജിസ്ട്രേറ്റ് എന്നിവരടങ്ങുന്ന സംയുക്ത സമിതിയായിരിക്കും വിഷയത്തിൽ അന്വേഷണം നടത്തുക. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും വിഷയം നവംബർ 7നു വീണ്ടും പരിഗണിക്കുമെന്നു ബെഞ്ച് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.