ന്യൂഡൽഹി: ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്താൻ ഇടപെടുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് എൻഐഎ. പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ. ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ യുഎപിഎ ചുമത്തി നടത്തുന്ന അന്വേഷണത്തെ ന്യായീകരിച്ച് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ‌് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്. എൻഐഎ അന്വേഷണത്തിനെതിരെ കേസിലെ പ്രതി കരമന അഷറഫ് മൗലവി നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽചെയ്തത്.
ശ്രീനിവാസന്‍റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്ന അജണ്ടയ്ക്ക് തടസം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് പോപ്പുലർ ഫ്രണ്ടിന്‍റെ രീതിയെന്നും എൻഐഎ പറയുന്നു. ഇങ്ങനെ തടസം നിൽക്കുന്നവരുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിട്ടുണ്ട്.
ആ പട്ടികയിലെ ഒരാൾ മാത്രമാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ. അതുകൊണ്ടു തന്നെ ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുഎപിഎയുടെ പരിധിയിൽവരുമെന്നും കരമന അഷറഫ് മൗലവിയുടെ ഹർജി തള്ളണമെന്നും എൻഐഎ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.