ന്യൂഡല്‍ഹി: ഭീകരപ്രവർത്തനം, ലഹരിമരുന്ന്, കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ആറ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ 150ഓളം സ്ഥലങ്ങളിലാണ് ഇന്നലെ പുലർച്ചെ മുതൽ പരിശോധന നടത്തിയത്. നിരവധി പേരെ കസ്റ്റഡിയിലെടുത്തതായാണു സൂചന.
കഴിഞ്ഞ വർഷം എൻഐഎ രജിസ്റ്റർ ചെയ്ത മൂന്ന് വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ നടത്തുന്നത്. പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്തുണ്ടായ ആക്രമണത്തിലെ പ്രധാനിയായ ഷൂട്ടർ ദീപക് രംഗയെ കഴിഞ്ഞ ജനുവരി 25 ന് ഉത്തർ പ്രദേശിലെ ഗോരഖ്പുരിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ ക്യാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിന്റെ തലവനായ ലഖ്ബീർ സിങ് സന്ധു (ലാൻഡ), പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിന്റെ തലവൻ ഹർവിന്ദർ സിങ് സന്ധു ( റിൻഡ) എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്നതായി കണ്ടെത്തിയിരുന്നു. ഈ സംഘം തീവ്രവാദ, ലഹരിമരുന്ന് കള്ളക്കടത്തിൽ ഏർപ്പെടുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണു പരിശോധന.